വിധി തനിച്ചാക്കിയ അജിത്തിന് തണലേകാന്‍ എം.എല്‍.എയെത്തി
സുല്‍ത്താന്‍ ബത്തേരി: വിധി തനിച്ചാക്കിയ അജിത്തിന് ആശ്വാസത്തിന്റെ തണലേകാന്‍ എം.എല്‍.എ എത്തി. അച്ഛനും അമ്മയും സഹോദരനും മരിച്ച ശേഷം ഒറ്റയ്ക്ക് താമസിക്കുന്ന കൊളഗപ്പാറ ചൂരിമലകുന്നിലെ അജിത്തെന്ന 16കാരന് സഹയവുമായാണ് എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ അജിത്തിന്റെ വീട്ടിലെത്തിയത്.
അജിത്തിന്റെ ദുരിത ജീവിതം സുപ്രഭാതം കഴിഞ്ഞ ദിവസം വാര്‍ത്തയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് എം.എല്‍.എ അജിത്തിന്റെ വീട് സന്ദര്‍ശിച്ചത്. വീട്ടിനകത്ത് കയറി അജിതിന്റെ അവസ്ഥ നേരില്‍ കണ്ട് മനസ്സിലാക്കിയ എം.എല്‍.എ അജിത്തിന് വേണ്ട സഹായങ്ങള്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കി.
ഹോസ്റ്റലില്‍ നിന്ന് പഠനം തുടരാമോയെന്ന് എം.എല്‍.എ ചോദിച്ചെങ്കിലും ബീനാച്ചി ഗവ. ഹൈസ്‌ക്കൂളില്‍ ഒന്‍പതില്‍ പഠിക്കുന്ന അജിത്തിന് ഇവിടെ തന്നെ പഠനം തുടരാനാണ് താല്‍പര്യമെന്ന് എം.എല്‍.എയെ അറിയിച്ചു. തുടര്‍ന്ന് ജില്ലാ കലക്ടറും, പട്ടികജാതി വികസന ഓഫിസറുമായി ബന്ധപ്പെട്ട് നല്ലൊരു വീട് നിര്‍മിക്കുന്നതുവരെ മീനങ്ങാടി ഹോസ്റ്റലില്‍ താമസസൗകര്യമൊരുക്കി. ഇവിടെ നിന്നും ബീനാച്ചി സ്‌കൂളില്‍ എത്താനുള്ള സൗകര്യവും ചെയ്തിട്ടുണ്ട്.
കൂടാതെ അജിതിന് നല്ലൊരു വീട് നിര്‍മിക്കുന്നതിന് വകുപ്പ് മന്ത്രിയുമായി കൂടിയാലോചന നടത്തി വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്ന് എം.എല്‍.എ അറിയിച്ചു. ബത്തേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു പഴുപ്പത്തൂര്‍, വൈസ് പ്രസിഡന്റ് കെ.ഒ ജോയി, സണ്ണി ചൂരിമല തുടങ്ങിയവരും എം.എല്‍.എയോടൊപ്പം അജിതിന്റെ വീട് സന്ദര്‍ശനത്തിനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."