'മിഷന്‍ ഇന്ദ്രധനുഷ് ' ജില്ലയില്‍ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
പാലക്കാട്: ഒരു വയസിന് താഴെയുള്ള കുട്ടികള്‍ക്കായുള്ള പ്രതിരോധകുത്തിവെയ്പ്പ് ഊര്‍ജിതമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന മിഷന്‍ ഇന്ദ്രധനുഷ് പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ കൊപ്പം, അലനല്ലൂര്‍, ചാലിശ്ശേരി, കടമ്പഴിപ്പുറം, ചളവറ എന്നീ കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററുകളിലാണ് പദ്ധതിയുടെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
അഞ്ചു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കുത്തിവയ്‌പ്പെടുക്കാനായി പ്രത്യേക ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്. കുത്തിവയ്‌പ്പെടുക്കാത്ത കുട്ടികളെ കണ്ടെത്തി രക്ഷിതാക്കള്‍ക്ക് ബോധവത്കരണ പരിപാടികളും ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്നുണ്ട്.
തെറ്റിധാരണകളാലും കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത രക്ഷിതാക്കള്‍ക്ക് ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രാദേശിക രാഷ്ട്രീയ-സാംസ്‌കാരിക-മത നേതാക്കളെ ഉള്‍പ്പെടുത്തിയാണ് ബോധവത്കരണ പരിപാടികള്‍ നടത്തുന്നത്.
ഏപ്രില്‍ മുതല്‍ ജൂലൈ വരെയാണ് പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ , എറണാകുളം ജില്ലകളില്‍ മിഷന്‍ ഇന്ദ്രധനുഷ് നടത്തുന്നത്. നിലവില്‍ ദേശീയ തലത്തില്‍ പ്രതിരോധ കുത്തിവയ്‌പ്പെടുത്ത കുട്ടികള്‍ 65 ശതമാനമാണ്. 2020 ആകുന്നതോടെ 90 ശതമാനത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയായ മിഷന്‍ ഇന്ദ്രധനുഷിന് രൂപം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."