ആറാട്ടുപുഴ പൂരത്തിന് കൊടിയിറങ്ങി
ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന്റെ ഈ വര്‍ഷത്തെ പൂരം ചടങ്ങുകള്‍ പര്യവസാനിച്ച് കൊടിയിറങ്ങി. പൂരപിറ്റേന്ന് അത്താഴ പൂജയും ശ്രീഭൂതബലിയും കഴിഞ്ഞ് ക്ഷേത്രപാലകന് തൂവുന്നതിന് മുമ്പ് വലിയ പാണി കൊട്ടി 9.15ന് ശാസ്താവിനെ ഗ്രാമബലിക്കായി എഴുന്നള്ളിച്ചു. ഗോപുരത്തിലും വില്ലൂന്നിതറയിലും ബലിതൂവി. തുടര്‍ന്ന് കൈതവളപ്പ്, പല്ലിശ്ശേരി കവല, തേവര്‍ റോഡ് ജങ്ങ്ഷന്‍, കൊറ്റംകുളങ്ങര, മൈമ്പിള്ളി, ഊരകം, കിടായികുളങ്ങര, അയിനിക്കാട്, മുത്തുള്ളിയാല്‍, ചേര്‍പ്പ്, തായംകുളങ്ങര, മേക്കാവ്, പെരുവനം, തിരുവുള്ളക്കാവ്, വല്ലച്ചിറ, ചാത്തകുടം, പിടിക്കപറമ്പ്, പിഷാരിക്കല്‍ ക്ഷേത്രങ്ങളിലും കവലകളിലും ബലി തൂവി.
പിഷാരിക്കല്‍ കടവില്‍ നിന്നും വഞ്ചിയില്‍ കൂടി പുഴ കടന്ന് പുഴക്കു അക്കരെ മുളങ്ങ് തുടങ്ങിയ ക്ഷേത്രത്തിലും മറ്റും ബലി തൂവി വഞ്ചിയില്‍ തന്നെ ആറാട്ടുപുഴ ശാസ്താം കടവില്‍ ഇക്കരയിലേക്ക് കടന്ന് ക്ഷേത്രത്തില്‍ എത്തി ക്ഷേത്രപാലകന് ബലി തൂവി ഗ്രാമബലി അവസാനിപ്പിച്ചു. തുടര്‍ന്ന് ശാസ്താവിനെ ശ്രീകോവിലിലേക്ക് തിരിച്ചെഴുന്നെള്ളിച്ചതിനു ശേഷം കൊടിയിറക്കി കൊടിമരം മാറ്റി വടക്കേനടയില്‍ മതില്‍ കെട്ടിനോട് ചേര്‍ത്തിട്ടു. ഇതോടെ ഈ വര്‍ഷത്തെ പൂരം ചടങ്ങുകള്‍ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."