HOME
DETAILS
MAL
മലയാളികളുടെ തിരിച്ചുവരവ്; ഡല്‍ഹി കെ.എം.സി.സി ഹൈക്കോടതിയില്‍ ഹരജി നല്‍കി
backup
May 12 2020 | 03:05 AM
കൊച്ചി: കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലുള്ള മലയാളികളുടെ തിരിച്ചുവരവ് സാധ്യമാക്കാന്‍ ഡല്‍ഹി കെ.എം.സി.സി കേരള ഹൈക്കോടതിയില്‍ ഹരജി നല്‍കി.
ഗര്‍ഭിണികളും കുട്ടികളുമടങ്ങിയ നൂറുക്കണക്കിന് ആരോഗ്യപ്രവര്‍ത്തകര്‍ നാട്ടിലേക്കു മടങ്ങിയെത്താന്‍ ദിവസങ്ങളായി നടത്തുന്ന ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഹരജി നല്‍കിയത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഡല്‍ഹിയിലകപ്പെട്ട ജാമിഅ, ഡല്‍ഹി യൂനിവേഴ്‌സിറ്റി, ജെ.എന്‍.യു തുടങ്ങിയ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളും ഡല്‍ഹി എയിംസ് അടക്കമുള്ള സ്ഥാപനങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരും കെ.എം.സി.സിയോടൊപ്പം കക്ഷിചേര്‍ന്നിട്ടുണ്ട്.
നഴ്‌സിങ് മേഖലയില്‍ ജോലിചെയ്യുന്ന ഗര്‍ഭിണികളടക്കമുള്ള ഒരുപാടു പേര്‍ രണ്ടു മാസത്തിലധികമായി പൂര്‍ണമായോ ഭാഗികമായോ ജോലി നഷ്ടപ്പെട്ട് ശമ്പളമില്ലാതെ പ്രയാസപ്പെടുകയാണ്. നോര്‍ക്കയുടെ രജിസ്‌ട്രേഷന്‍ ആദ്യ ദിവസങ്ങളില്‍ നടന്നെങ്കിലും കൂടുതല്‍ ആളുകളിലേക്കെത്തിയതോടെ പിന്നീടുള്ള ദിവസങ്ങളില്‍ രജിസ്‌ട്രേഷന്‍ പ്രക്രിയ അവതാളത്തിലായെന്ന് ഹരജിയില്‍ പറയുന്നു.
കെ.എം.സി.സിക്കു വേണ്ടി വൈസ് പ്രസിഡന്റ് അജ്മല്‍ മുഫീദാണ് ഹരജി നല്‍കിയതെന്ന് ഡല്‍ഹി കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹലീം അറിയിച്ചു. ഹരജി കോടതി ഇന്ന് പരിഗണിക്കും. കേരള സര്‍ക്കാര്‍ ഇടപെടാത്തതാണ് മലയാളികളുടെ മടങ്ങിവരവ് അനിശ്ചിതത്വത്തിലാവാന്‍ കാരണമെന്ന് ഹരജിയില്‍ ആരോപിച്ചു.
വാഹനങ്ങള്‍ സ്വന്തമായില്ലാത്തവര്‍ക്ക് യാത്രാസൗകര്യം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കെ.എം.സി.സിയുടെ തമിഴ്‌നാട്, ബാംഗ്ലൂര്‍ ഘടകങ്ങള്‍ നല്‍കിയ ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരുടെ കാര്യത്തില്‍ അതാത് സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്ന് കേരള സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."