വയനാട് കൈവിടില്ലെന്ന പ്രതീക്ഷയില്‍ സുനീര്‍
കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി സുനീര്‍ വിജയപ്രതീക്ഷയില്‍ തന്നെയാണ്. മത്സരിച്ച പ്രധാന തെരഞ്ഞെടുപ്പുകളില്‍ തോല്‍വിക്കായിരുന്നു മുന്‍തൂക്കം.
മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് ഒരുതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പഠനകാലത്ത് രണ്ടുതവണ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയന്‍ വൈസ് ചെയര്‍മാനായിട്ടുമുണ്ട്. എന്നാല്‍ ലോക്‌സഭയിലേക്കുള്ള രണ്ടു മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ആദ്യ രണ്ടുതവണയും ലീഗിന്റെ ഉരുക്കുകോട്ടയായ പൊന്നാനിയിലായിരുന്നു മത്സരത്തിനിറങ്ങിയത്. ഇവിടെ ആദ്യ എതിരാളി ബനാത്ത്‌വാലയും രണ്ടാമത്തെ എതിരാളി ഇ. അഹമ്മദുമായിരുന്നു.
1999ല്‍ മുപ്പതാം വയസിലാണ് ബനാത്ത്‌വാലയ്‌ക്കെതിരേ സുനീര്‍ മത്സരത്തിനിറങ്ങിയത്. 2004ല്‍ 35ാം വയസില്‍ ഇ. അഹമ്മദിനോടും പൊരുതി നോക്കി. രണ്ടുപേരുടെയും വ്യക്തിപ്രഭാവവും ലീഗിന്റെ അടിയുറച്ച വോട്ടുകളും അന്ന് സുനീറിന്റെ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തി. പിന്നീട് തെരഞ്ഞെടുപ്പുകളില്‍ മുഖം കാണിക്കാതിരുന്ന സുനീര്‍ ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും സ്ഥാനാര്‍ഥിയുടെ കുപ്പായമണിയുന്നത്.
ആദ്യ രണ്ടിലും പരാജയം രുചിച്ചെങ്കിലും ഇത്തവണ വയനാട് കൈവിടില്ലെന്ന പ്രതീക്ഷയിലാണ് സുനീര്‍ ചുരം കയറുന്നത്. മണ്ഡലത്തില്‍ വിജയപ്രതീക്ഷ എല്‍.ഡി.എഫിന് തന്നെ തുലോം കുറവാണ്. എങ്കിലും വികസനം സ്വപ്‌നം കണ്ട് നടക്കുന്ന ഒരു ജനതയ്ക്കു മുന്നിലേക്ക് വികസനത്തില്‍ ചാലിച്ച പ്രതീക്ഷകള്‍ നല്‍കിയാല്‍ വിജയിക്കാനാകുമെന്ന പ്രതീക്ഷ അവര്‍ കൈവെടിയുന്നുമില്ല.
ഈ മാസം 10 മുതല്‍ മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് എല്‍.ഡി.എഫ്. ഈ തെരഞ്ഞെടുപ്പിനെ വലിയ പ്രതീക്ഷയോടെയാണ് താനും എല്‍.ഡി.എഫും നോക്കിക്കാണുന്നതെന്ന് സുനീര്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു. 2005 മുതല്‍ 2010 വരെ മലപ്പുറം ജില്ലാ പഞ്ചായത്ത് മെംബറായി പ്രവര്‍ത്തിച്ചതും സി.പി.ഐ ജില്ലാ സെക്രട്ടറി, എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എന്നീ നിലകളിലെ പ്രവര്‍ത്തനവും കഴിഞ്ഞ 10 വര്‍ഷങ്ങളിലെ വികസന മുരടിപ്പ് ഇത്തവണ വയനാടന്‍ ജനതയെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്നതുമാണ് പ്രതീക്ഷയെന്നും സുനീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."