പീരുമേട് ഗ്രാമപഞ്ചായത്ത്: വൈസ് പ്രസിഡന്റിനെയും മെംബറെയും അയോഗ്യരാക്കി
തൊടുപുഴ: പീരുമേട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, മെംബര്‍ എന്നിവരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു വടുതല, മുന്‍ പ്രസിഡന്റ് ടി.എസ് സുലേഖ എന്നിവരെയാണ് അയോഗ്യരാക്കിയത്.
ആറു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനും ഇരുവര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ചു വിജയിച്ചു പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ എത്തിയ ശേഷം പദവിയിലിരിക്കെ രാജിവച്ചു സി.പി.എമ്മിനോടൊപ്പം ചേരുകയും എല്‍.ഡി.എഫ് പിന്തുണയോടെ പദവികളിലെത്തി അധികാരത്തില്‍ തുടരുകയായിരുന്നു.
അയോഗ്യതയാവുന്നതിനു മുന്‍പ് തന്നെ സി.പി.എം നടത്തിയ രാഷ്ട്രീയ തന്ത്രത്തിന്റെ ഫലമായി പ്രസിഡന്റ് സ്ഥാനം ടി.എസ് സുലേഖ രാജിവച്ചിരുന്നു. തുടര്‍ന്ന് സി.പി.എമ്മിലെ രജനി വിനോദിനെ പീരുമേട് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു.
17 അംഗ ഭരണ സമിതിയില്‍ നിലവില്‍ എല്‍.ഡി.എഫ്- ഒന്‍പത്, യു.ഡി.എഫ്- ഏഴ്, എ.ഐ.ഡി.എം.കെ- ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. രണ്ട് അംഗങ്ങളെ അയോഗ്യതയാക്കിയതോടെ യു.ഡി.എഫിനാണ് മുന്‍ തൂക്കമെങ്കിലും കോടതിയെ സമീപിച്ചു കേസ് നീട്ടിക്കൊണ്ടു പോവാനാണ് എല്‍.ഡി.എഫ്.ശ്രമിക്കുക.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പാമ്പനാര്‍ കല്ലാര്‍ വാര്‍ഡില്‍ നിന്ന് വിജയിച്ച സുലേഖ, ഭരണസമിതിയിലെ ഭിന്നതയെ തുടര്‍ന്ന് 2017 ഡിസംബര്‍ എട്ടിന് രാജിവച്ച് എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്തുകയായിരിന്നു. സുലേഖക്കൊപ്പം വൈസ് പ്രസിഡന്റ് രാജു വടുതലയും കൂറുമാറി സി.പി.എമ്മില്‍ ചേര്‍ന്ന് സ്ഥാനം നിലനിര്‍ത്തി.
കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം ബീനാമ്മ ജേക്കബാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്. ഡി.സി.സി പ്രസിഡന്റ് നല്‍കിയ വിപ്പ് ലംഘിച്ചതിന്റെ തെളിവുകളും തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയിരുന്നു.
പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും കഴിഞ്ഞ ജനുവരി 29ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തതിനാല്‍ ആറു മാസത്തിനു ശേഷം മാത്രമേ യു.ഡി.എഫിന് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ സാധിക്കൂ.
എന്നാല്‍, വൈസ് പ്രസിഡന്റ് പദവി തിരഞ്ഞെടുപ്പിലൂടെ തിരികെ പിടിക്കാമെന്ന ആത്മ വിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. അഴുത ബ്ലോക്ക് പഞ്ചായത്തില്‍ കൂറുമാറ്റ നിരോധന നിയമ പ്രകാരം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്,
എന്നിവരെ അയോഗ്യതയാക്കുകയും എല്‍.ഡി.എഫിനു ഭരണം നഷ്ട്ടപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."