കല്‍പള്ളിയില്‍ വെളിച്ചമേകി രാഷ്ട്രീയക്കളി: മീറ്ററുകളുടെ വ്യത്യാസത്തില്‍ എം.പിയും എം.എല്‍.എയും ലോമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു
മാവൂര്‍: കല്‍പള്ളിയില്‍ വെളിച്ചമേകി രാഷ്ട്രീയക്കളി. മീറ്ററുകളുടെ വ്യത്യാസത്തില്‍ എം.പിയും എം.എല്‍.എയും ലോമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.
പി.ടി.എ റഹീം എം.എല്‍.എ തെരഞ്ഞെടുപ്പ്കാലത്ത് വാഗ്ദാനം ചെയ്ത ലോമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ പഞ്ചായത്ത് കഴിഞ്ഞവര്‍ഷം അനുമതി നല്‍കിയിരുന്നെങ്കിലും കാലങ്ങളേറെയായിട്ടും ലൈറ്റ് സ്ഥാപിക്കാത്തതിനെ തുടര്‍ന്ന് എം.കെ രാഘവന് എം.പിയുടെ പ്രാദേശികവികസന ഫണ്ടില്‍നിന്ന് 1.60ലക്ഷം രൂപ വകയിരുത്തി ലോമാസ്റ്റ് ലൈറ്റ്സ്ഥാപിക്കുകയായിരുന്നു. ഇത് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ കെ.എസ്.ഇ.ബിയുടെ കനിവ് കാത്തുനില്‍ക്കാതെ ഏതാനും പേര് ചേര്‍ന്ന് എം.എല്‍.എയുടെപേരില്‍ സോളാര്‍ ലോമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.
മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ചെറിയ ഒരു അങ്ങാടിയില്‍ അടുത്തടുത്ത് എം.എല്‍.എയുടെയും എം.പിയുടേയും ലോമാസ്റ്റ് ലൈറ്റുകള്‍ മിഴിതുറന്നു. ഇന്നലെ വൈകിട്ട് നടന്ന ലളിതമായ ചടങ്ങില്‍ എം.പിയുടെ ലൈറ്റ് എം.കെ രാഘവന് എം.പി ഉദ്ഘാടനം ചെയ്തു. അതേസമയം എം.എല്‍.എയുടെ പേരില്‍ സ്ഥാപിച്ച ലൈറ്റ് ഇന്നലെ വൈകിട്ട് പി.ടി.എ റഹീം ഉദ്ഘാടനം ചെയ്യുമെന്ന് പ്രചാരണം ഉണ്ടായിരുന്നെങ്കിലും എം.എല്‍.എ എത്താത്തതിനാല്‍ ഉദ്ഘാടനം നടന്നില്ല.
ലൈറ്റ് കഴിഞ്ഞദിവസം തന്നെ പ്രകാശിച്ചുതുടങ്ങി. എം.പിയുടെ ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനാല്‍ ഇനി എ.എല്‍.എ യുടെ ഫണ്ട് അനുവദിക്കാന്‍ സാധ്യതകുറവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പണം മുടക്കിയ സ്വകാര്യവ്യക്തികള്‍ക്ക് തുക നഷ്ടമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഏതായാലും രാത്രിയെ പകലാക്കിമാറ്റുന്ന രാഷ്ട്രീയ മത്സരം മറ്റ് വികസനങ്ങളിലുമുണ്ടായാല് നാടുനന്നാകുമായിരുന്നുവെന്ന ചിന്തയാണ് നാട്ടുകാര്‍ക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."