കുളങ്ങള്‍ വറ്റിവരണ്ടു; കുടിവെള്ളക്ഷാമം രൂക്ഷം
തൃക്കരിപ്പൂര്‍: വേനല്‍ കടുത്തതോടെ കുടിവെള്ള ക്ഷാമം പലയിടത്തും രൂക്ഷമായി. ജലസ്രോതസുകളില്‍ പലതും വറ്റിയിരിക്കുകയാണ്. കവിഞ്ഞൊഴുകിയിരുന്ന കുളങ്ങള്‍ പോലും വരണ്ടു വിണ്ടുകീറിയിട്ടുണ്ട്. തീരമേഖലയിലാണ് പ്രധാനമായും ശുദ്ധജല ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയത്. ചെറുകിട ജലസേചന പദ്ധതികളെ ആശ്രയിച്ചു കഴിയുന്നവരാണ് തീരമേഖലയിലെ കുടുംബങ്ങള്‍. ഇവിടങ്ങളിലെ കിണറുകളില്‍ മിക്കതിലും ഉപ്പുരസം കലര്‍ന്ന ജലം ലഭിക്കുന്നതിനാല്‍ ജല വിതരണ പദ്ധതികളാണ് ഇവരുടെ ഏക ആശ്രയം.
എന്നാല്‍ ജലപദ്ധതികള്‍ കാലാനുസൃതമായി നവീകരിക്കപ്പെടാത്തതിനാല്‍ ജല ലഭ്യത കുറയുന്നുണ്ട്. ഇതിനാല്‍ ആവശ്യാനുസരണം വെള്ളം കിട്ടുന്നില്ല. അര നൂറ്റാണ്ട് പഴക്കമുള്ള പദ്ധതികളിലേതുള്‍പ്പെടെ കിണറുകള്‍ നവീകരിക്കപ്പെടേണ്ടതുണ്ടെങ്കിലും പദ്ധതി രൂപപ്പെടുത്തുന്നില്ല. പുതിയ പദ്ധതികള്‍ അനുവദിക്കുന്നുമില്ല. കടലിനും കായലിനും മധ്യത്തിലെ വലിയപറമ്പ് ദ്വീപിന്റെ വിവിധ മേഖല കുടിനീര്‍ ക്ഷാമത്തിലാണ്. ഉപ്പുജലം കിട്ടുന്ന ഭാഗങ്ങളിലാണിത്. തൃക്കരിപ്പൂര്‍, പടന്ന തുടങ്ങിയ പഞ്ചായത്തുകളുടെ തീര പ്രദേശങ്ങളും ജല ക്ഷാമത്തിലേക്കു നീങ്ങിത്തുടങ്ങി. അനധികൃത മണലൂറ്റ് കേന്ദ്രങ്ങള്‍ ഇപ്പോള്‍ തന്നെ കുടിനീര്‍ ക്ഷാമത്തിന്റെ പിടിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."