തെരഞ്ഞെടുപ്പ് പ്രഖ്യാപനം രണ്ടുദിവസത്തിനകം
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ അവസാനത്തെ മന്ത്രിസഭായോഗവും ഇന്നലെ അവസാനിച്ചതോടെ തെരഞ്ഞെടുപ്പ് തിയതി ഉടന്‍ പ്രഖ്യാപിച്ചേക്കും. ഇന്നോ നാളെയോ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.
ആന്ധ്രാപ്രദേശ്, ഒഡിഷ, സിക്കിം, അരുണാചല്‍ പ്രദേശ്, ജമ്മുകശ്മിര്‍ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള അസംബ്ലി തെരഞ്ഞെടുപ്പും അതോടൊപ്പം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ജമ്മുകശ്മിര്‍ സന്ദര്‍ശിച്ച തെരഞ്ഞെടുപ്പ് കമ്മിഷന് അവിടത്തെ സാഹചര്യങ്ങള്‍ തെരഞ്ഞെടുപ്പിന് പ്രതികൂലമല്ലെന്ന് വിലയിരുത്തിയിട്ടുണ്ട്.
മാര്‍ച്ച് അഞ്ചിനായിരുന്നു 2014ല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഏപ്രില്‍ എഴ് മുതല്‍ മെയ് 12വരെ ഒന്‍പത് ഘട്ടങ്ങളിലായാണ് അന്ന് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 16നായിരുന്നു വോട്ടെണ്ണല്‍. 2009ല്‍ മാര്‍ച്ച് രണ്ടിനായിരുന്നു പ്രഖ്യാപനം.
അഞ്ചുഘട്ടങ്ങളിലായുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 16 മുതല്‍ മെയ് 13 വരെയായിരുന്നു. മെയ് 16നായിരുന്നു വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചാല്‍ ഉടന്‍ കമ്മിഷന് നിരീക്ഷകരുടെ യോഗം വിളിക്കും. ജൂണ്‍ മൂന്നിനാണ് നിലവിലുള്ള ലോക്സഭയുടെ കാലാവധി അവസാനിക്കുന്നത്. അതിനുമുന്‍പ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റിരിക്കണം.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിക്കുന്നതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക യാത്രാപരിപാടികള്‍ പൂര്ത്തിയാകാനാണോ കമ്മിഷന് കാത്തിരിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."