കാത്തിരിപ്പിന് വിരാമം: പുത്തന്‍വേലിക്കര പാലം നാളെ തുറന്നു കൊടുക്കും
പറവൂര്‍: ചേന്ദമംഗലം,പുത്തന്‍വേലിക്കര പഞ്ചായത്തുകളിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായ പുത്തന്‍വേലിക്കര സ്റ്റേഷന്‍കടവ് വലിയ പഴമ്പിള്ളിത്തുരുത്ത് പാലം നാളെ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് വി.ഡി സതീശന്‍ എം.എല്‍.എ അറിയിച്ചു. രാവിലെ 9.30ന് പാലത്തിന് സമീപം ചേരുന്ന ചടങ്ങില്‍ പൊതുമരാമത്തു വകുപ്പുമന്ത്രി ജി. സുധാകരന്‍ പാലം തുറന്ന് കൊടുക്കും. പ്രൊഫ. കെ.വി തോമസ് എം.പി, എസ്. ശര്‍മ്മ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. പലവിധ അനിശ്ചിതത്വങ്ങള്‍ക്കും കാലതാമസങ്ങള്‍ക്കും ശേഷമാണ് പാലം യാഥാര്‍ഥ്യമാകുന്നത്.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ഫെബ്രുവരി 26ന് എല്‍.ഡി.എഫ് ഭരണത്തിലാണ് പാലത്തിന് തറക്കല്ലിട്ടത്. രണ്ട് വര്‍ഷമായിരുന്നു നിര്‍മ്മാണ കാലാവധി. എന്നാല്‍ ഇരുവശത്തുമുള്ള അപ്രോച് റോഡിന്റെ അലൈന്‍മെന്റ നിശ്ചയിക്കാതെയും അപ്രോച്ച് റോഡിന് സ്ഥലമുടമകളില്‍ നിന്നും അനുമതി വാങ്ങാതെയുമായിരുന്നു കല്ലിടീല്‍. ക്ഷേത്രവും മറ്റും ഒഴിവാക്കി അലൈന്‍മെന്റിന് അന്തിമരൂപം നല്‍കുകയായിരുന്നു ആദ്യ കടമ്പ. സ്ഥലം വിട്ടുകിട്ടുന്നതിന് വേണ്ടി ഉടമകളുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തി.
കാര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട 22 ഉടമകള്‍ മുന്‍കൂറായി സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായത് മൂലം കുറെ കാലതാമസം ഒഴിവാക്കാന്‍ കഴിഞ്ഞുവെന്ന് എം.എല്‍.എ പറഞ്ഞു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കുറച്ചു കഴിഞ്ഞപ്പോള്‍ കരാറുകാരനുണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലം നിര്‍മാണം നിലച്ചു. തുടര്‍ന്നുള്ള പണികള്‍ക്ക് വീണ്ടും കരാര്‍ നല്‍കിയപ്പോള്‍ കാലതാമസം കൊണ്ട് എസ്റ്റിമേറ്റ് തുക സ്ഥലം ഏറ്റെടുക്കുന്നതുള്‍പ്പെടെ 21 കോടിയില്‍ നിന്നും 25 കോടിയായി ഉയര്‍ന്നു മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു.
എന്നാല്‍ രണ്ടു പ്രാവശ്യം ടെണ്ടര്‍ ക്ഷണിച്ചിട്ടും ഏറ്റെടുക്കാന്‍ ആളുണ്ടായില്ല. തുടര്‍ന്ന് വീണ്ടും മന്ത്രിസഭയുടെ അനുമതിയോടെ കൊട്ടേഷന്‍ വാങ്ങി ടെണ്ടര്‍ തുക കൂട്ടി നല്‍കുകയായിരുന്നുവെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."