മാക്കൂട്ടം ചുരം റോഡ്: താല്‍ക്കാലിക സംവിധാനത്തിന് നടപടി തുടങ്ങി
ഇരിട്ടി: മലവെള്ളപാച്ചിലില്‍ തകര്‍ന്ന മാക്കൂട്ടം ചുരം റോഡിലൂടെ ചെറുവാഹനങ്ങള്‍ക്ക് ഗതാഗത സൗകര്യം ഒരുക്കുന്നതിനായി നടപടി ആരംഭിച്ചു. ചുരംറോഡിലെ വനം വകുപ്പ് ഓഫിസിനു മുന്നിലെ മാക്കൂട്ടം ചെറിയപാലത്തിലൂടെ താല്‍ക്കാലിക ഗതാഗത സംവിധാനമൊരുക്കാനുള്ള പ്രവൃത്തിക്ക് തുടക്കമായി.
രണ്ടാഴ്ച മുന്‍പുണ്ടായ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പാലങ്ങളും റോഡുകളും പൂര്‍ണമായി പുനര്‍ നിര്‍മിച്ചും അറ്റകുറ്റപണി നടത്തിയും പഴയ രീതിയിലേക്ക് കൊണ്ടുവരുന്നതിന് കാലതാമസമുണ്ടാകുമെന്നതിനാലാണ് താല്‍ക്കാലിക സംവിധാനമൊരുക്കാന്‍ കര്‍ണാടക തീരുമാനിച്ചത്.
ഉരുള്‍പൊട്ടലില്‍ കേടുപാടു വന്ന പാലത്തിനു സമാന്തരമായി മണല്‍ചാക്കുകള്‍ അട്ടിയിട്ട് മരത്തടികള്‍ പാകിയാണ് ജീപ്പ്, ബൈക്ക് ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സൗകര്യമൊരുക്കുന്നത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒലിച്ചുവന്ന മണലുകളും മരത്തടികളും ഉപയോഗിച്ച് ജെ.സി.ബിയുടെ സഹായത്തോടെയാണ് താല്‍ക്കാലിക സംവിധാനം ഒരുക്കുന്നത്.
പൊതുമരാമത്ത് വകുപ്പ് മടിക്കേരി ഡിവിഷണല്‍ സൂപ്രണ്ട് എന്‍ജിനീയര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. ജൂലൈ 12 വരെയാണ് നിരോധനമെങ്കിലും ഇനിയും നീട്ടാനാണ് സാധ്യത. തടയണ മാതൃകയില്‍ താല്‍ക്കാലിക പാതയുടെ നിര്‍മാണം പൂര്‍ത്തിയായാല്‍ ചെറുവാഹനങ്ങള്‍ ഇതുവഴി കടത്തിവിടുമെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."