ജിന്ന് ചികിത്സ: കെ.എന്‍.എം ഔദ്യോഗിക വിഭാഗവും കൈയൊഴിയുന്നു
കോഴിക്കോട്: ജിന്ന് ചികിത്സക്കെതിരേ കെ.എന്‍.എം ഔദ്യോഗിക വിഭാഗവും പ്രചാരണത്തിന്. മതത്തിന്റെ മറവില്‍ മന്ത്രവാദ ചികിത്സ നടത്തി നിരപരാധികളുടെ ജീവനെടുക്കുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് കെ.എന്‍.എം ഔദ്യോഗിക വിഭാഗം ഐ.എസ്.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മര്‍കസുദ്ദഅ്‌വ വിഭാഗവും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ആരോപണ വിധേയരായ വിസ്ഡം ഗ്രൂപ്പിനെ വളര്‍ത്തിയത് കെ.എന്‍.എം ഔദ്യോഗിക വിഭാഗമാണെന്നായിരുന്നു അവരുടെ ആരോപണം. ഈ സാഹചര്യത്തിലാണ് കെ.എന്‍.എം ഔദ്യോഗിക വിഭാഗവും ജിന്ന് ചികിത്സ ഉള്‍പ്പെടെയുള്ളവയെ തള്ളിപ്പറയുന്നത്.
മതപ്രമാണങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്താണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്. ഇത്തരം ചികിത്സകള്‍ നടത്തുന്ന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണം. ഇത്തരം വിശ്വാസ തട്ടിപ്പുകള്‍ക്കെതിരേ പ്രചാരണം നടത്തുമെന്ന് അവര്‍ അറിയിച്ചു. മുജാഹിദ് ഗ്രൂപ്പുകളിലെ ആശയത്തര്‍ക്കമാണ് ജിന്ന്, സിഹ്‌റ് (മാരണം) എന്നിവ. 2002 ല്‍ പിളര്‍ന്ന മുജാഹിദ് പ്രസ്ഥാനം 2007ല്‍ വീണ്ടും പിളരാനും തുടര്‍ന്ന് പലപ്പോഴുമായി വിവിധ കഷ്ണങ്ങളായി ചിന്നിച്ചിതറാനും ഇടയാക്കിയത് ജിന്ന്, സിഹ്‌റ് വിവാദമായിരുന്നു. എ.പി അബ്ദുല്‍ ഖാദര്‍ മൗലവിയുടെ നേതൃത്വത്തിലുള്ള വിഭാഗം ജിന്ന്, സിഹ്‌റ് തുടങ്ങിയവയെ (ഇവരാണ് ഇപ്പോള്‍ കെ.എന്‍.എം ഔദ്യോഗിക വിഭാഗം എന്ന് അറിയപ്പെടുന്നത്) അംഗീകരിക്കുകയും മടവൂര്‍ വിഭാഗം എതിര്‍ക്കുകയും ചെയ്തു. പിന്നീട് മുജാഹിദുകള്‍ 2016ല്‍ ഐക്യപ്പെട്ടപ്പോഴും ഈ വിവാദ വിഷയങ്ങളില്‍ തീര്‍പ്പുകല്‍പിച്ചിരുന്നില്ല. പഴയ മടവൂര്‍ വിഭാഗം ഉമര്‍ സുല്ലമിയുടെ നേതൃത്വത്തില്‍ പുനഃസംഘടിച്ച് മര്‍കസുദ്ദഅ്‌വ എന്ന പേരില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുകയും ചെയ്തു.
ആദ്യകാല മുജാഹിദ് നേതാക്കള്‍ ഇത്തരം മന്ത്രജപ ചികിത്സകള്‍ നടത്തിയതായ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ തങ്ങളുടെ ആശയത്തെ വ്യാഖ്യാനം ചെയ്യാനാകാതെ വിഷമവൃത്തത്തിലാണ് മുജാഹിദ് ഗ്രൂപ്പുകള്‍. ആദ്യകാല മുജാഹിദ് നേതാക്കള്‍ക്കും തെറ്റുപറ്റിയിരിക്കാമെന്നാണ് മര്‍കസ്സുദ്ദഅ്‌വ വിഭാഗം അഭിപ്രായപ്പെട്ടത്.
കെ.എന്‍.എം ഔദ്യോഗിക വിഭാഗം ഐ.എസ്.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ സംസ്ഥാന പ്രസിഡന്റ് ഷെരീഫ് മേലേതില്‍ അധ്യക്ഷനായി. പി.കെ ജംഷീര്‍ ഫാറൂഖി, ശബീര്‍ കൊടിയത്തൂര്‍, പി.കെ സക്കരിയ്യ, നിസാര്‍ ഒളവണ്ണ, പി.സി മന്‍സൂര്‍, ആദില്‍ അത്വീഫ്, നാസര്‍ മുണ്ടക്കയം, നൗഫല്‍ അന്‍സാരി, സിറാജ് ചേലേമ്പ്ര, സെയ്ദ് മുഹമ്മദ് കുരുവട്ടൂര്‍, റിയാസ് ബാവ, താജുദ്ദീന്‍ സ്വലാഹി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."