സാന്നിധ്യമറിയിക്കാന്‍ ഇടക്കിടെ പ്രത്യക്ഷപ്പെട്ട് മാവോയിസ്റ്റുകള്‍
കല്‍പ്പറ്റ: രൂപേഷിന്റെ അറസ്റ്റിനും നിലമ്പൂരില്‍ രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനും ശേഷം തളര്‍ച്ചയിലേക്ക് നീങ്ങിയ മാവോയിസ്റ്റുകള്‍ തങ്ങളുടെ സാന്നിധ്യം വീണ്ടുമറിയിക്കാനെത്തിയത് വയനാട്ടില്‍. ഇടക്കിലെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട സംഘങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനം വയനാട്ടില്‍ മിക്കയിടങ്ങളിലുമുണ്ടെന്ന് തെളിയിക്കാനുള്ള ശ്രമത്തിലായിരുന്നു. കണ്ണൂര്‍ ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന തവിഞ്ഞാല്‍ പഞ്ചായത്തിലും ഇങ്ങേ അറ്റമായ മേപ്പാടി കള്ളാടിയിലും ലക്കിടിയിലുമൊക്കെയായി ഇവര്‍ പലതവണയാണ് നാട്ടില്‍ പ്രത്യക്ഷപ്പെട്ടത്.
സുഗന്ധഗിരി അമ്പയില്‍ പലതവണ സംഘമെത്തിയതോടെ ഇവിടെ പൊലിസ് ഔട്ട്‌പോസ്റ്റ് തന്നെ സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ നിരവധി തവണ വയനാട്ടില്‍ പലയിടങ്ങളിലായി പ്രത്യക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ ആകെ ചെയ്തിരുന്നത് ലഘുലേഖകള്‍ വിതരണം ചെയ്യുകയും ഭക്ഷണ സാധനങ്ങള്‍ ശേഖരിക്കുകയുമായിരുന്നു. കള്ളാടിയില്‍ നിര്‍മാണ തൊഴിലാളികളെ ബന്ധിയാക്കിയെന്ന് ആരോപണമുയര്‍ന്നെങ്കിലും വാര്‍ത്താക്കുറിപ്പിറക്കി അവര്‍ അതിനെ എതിര്‍ത്തു. കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ പോകുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം രാത്രി ഒന്‍പതോടെ പൊലിസുമായി വെടിവയ്പുണ്ടാകുന്നതും ഒരാള്‍ കൊല്ലപ്പെടുന്നതും. നാലുവര്‍ഷം മുന്‍പും വയനാട്ടില്‍ മാവോയിസ്റ്റുകളും പൊലിസും തമ്മില്‍ വെടിവയ്പുണ്ടായിരുന്നു. അന്ന് കുഞ്ഞോത്തിന് സമീപത്തെ ചപ്പ കോളനിക്ക് സമീപത്തെ വനത്തില്‍ പരസ്പരം വെടിയുതിര്‍ത്തിരുന്നെങ്കിലും ആളപായമോ പരുക്കോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല.
വയനാട്ടില്‍ മാവോയിസ്റ്റുകളുടെ സ്ഥിരം സാന്നിധ്യമുണ്ടായിട്ടുള്ളത് മറ്റു ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന വനപ്രദേശങ്ങളിലാണ്. തലപ്പുഴ 44ല്‍ ടൗണിലിറങ്ങി പ്രകടനം നടത്തിയതും തൊട്ടടുത്തുള്ള വനത്തില്‍ നിന്നെത്തിയാണ്. മേപ്പാടി, മുണ്ടക്കൈ, കള്ളാടി, അട്ടമല എന്നിവിടങ്ങളില്‍ അടിക്കടി മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടാകാറുണ്ട്. ഈ പ്രദേശങ്ങള്‍ നിലമ്പൂര്‍ വനവുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളാണ്. കുഞ്ഞോം ചപ്പ വനമേഖല കോഴിക്കക്കോട് ജില്ലയിലെ കുറ്റ്യാടി ഭാഗത്തേക്ക് എളുപ്പത്തില്‍ എത്താന്‍ സാധിക്കുന്ന പ്രദേശമാണ്. വൈത്തിരി, ലക്കിടി, സുഗന്ധഗിരി ഭാഗങ്ങള്‍ കക്കയം ഡാം വരെയുള്ള വനമേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. തിരുനെല്ലി, കാട്ടിക്കുളം ഭാഗങ്ങള്‍ കര്‍ണാടകയുമായും അതിര്‍ത്തി പങ്കിടുന്ന വനങ്ങളാണ്. ഈ ഭാഗങ്ങളിലാണ് കൂടുതലായും മാവോയിസ്റ്റുകളുടെ സാന്നിധ്യം വയനാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
വെടിയേറ്റ രണ്ടാമന്‍
എവിടെ...?
വൈത്തിരി: ലക്കിടി ഉപവന്‍ റിസോര്‍ട്ടില്‍ നടന്ന പൊലിസ്-മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ വെടിയേറ്റ രണ്ടാമത്തെ ആളെ കണ്ടെത്താന്‍ പൊലിസ് അന്വേഷണം തുടരും. റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള വനത്തില്‍ രക്തപ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഏറ്റുമുട്ടല്‍ ആരംഭിച്ച് മിനുട്ടുകള്‍ക്കകം തന്നെ സി.പി ജലീലിനൊപ്പം മറ്റൊരാള്‍ക്ക് കൂടി വെടിയേറ്റിരുന്നു. പരുക്കേറ്റ് കാട്ടിലേക്ക് മറഞ്ഞ ഇയാളെ പിന്നീട് കണ്ടെത്താനായിട്ടില്ല. ഇന്നലെ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഏതെങ്കിലും ആശുപത്രിയില്‍ ചികിത്സ തേടിയേക്കാം എന്ന നിഗമനത്തില്‍ പൊലിസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."