ഇനി 'മഴപൊളിക്കും'
മട്ടന്നൂര്‍: മട്ടന്നൂര്‍ ബസ് സ്റ്റാന്റിലെ ശോച്യാവസ്ഥയിലായ ഷോപ്പിങ്‌കോംപ്ലക്‌സ് കെട്ടിടം പൊളിക്കല്‍ പ്രവൃത്തി പാളുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ പണി നടന്നെങ്കിലും വേഗത്തില്‍ പൊളിച്ച് നീക്കാത്തത് അപകട ഭീഷണി ഉയര്‍ത്തുകയാണ്.
രണ്ടു മാസം മുന്‍പെ കെട്ടിടം പൊളിക്കാന്‍ നഗരസഭ കരാര്‍ നല്‍കിയെങ്കിലും കെട്ടിടം പൊളിക്കുന്നത് നീളുകയായിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള നഗരസഭയുടെ ഷോപ്പിങ് കോംപ്ലക്‌സിന്റെ കോണ്‍ക്രീറ്റു അടര്‍ന്നു വീഴുന്നത് പതിവ് സംഭവമായിരുന്നു. ചോര്‍ച്ചയും സീലിങ് അടര്‍ന്നു വീഴുന്നതും കാരണം കെട്ടിടത്തിലെ 15 ഓളം വ്യാപാരികളെ ഒഴിപ്പിക്കുകയായിരുന്നു.
പത്തു മാസം മുന്‍പെ കെട്ടിടത്തിലെ മുഴുവന്‍ വ്യാപാരികളെയും ഒഴിപ്പിച്ചു സമീപത്തെ നഗരസഭയുടെ കെട്ടിടത്തില്‍ തന്നെ പുനരധിവാസം നല്‍കിയിരുന്നു. ഏതു നിമിഷവും കെട്ടിടം തകര്‍ന്നു വീഴുമെന്ന അവസ്ഥയിലെത്തിയതോടെയാണ് വ്യാപാരികളെ ഒഴിപ്പിച്ചു കെട്ടിടം പൊളിച്ചുമാറ്റാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചത്.
ഇതേ തുടര്‍ന്നു ടെന്‍ഡര്‍ നടപടികള്‍ നടത്തുകയും 87,000 രൂപയ്ക്കു കെട്ടിടം പൊളിക്കാന്‍ ടെന്‍ഡര്‍ നല്‍കുകയും ചെയ്തു. രണ്ടു മാസം മുന്‍പെ കരാര്‍ ഏറ്റെടുക്കുകയും ജൂണ്‍ 10 നുള്ളില്‍ പൊളിച്ചു മാറ്റണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഒരാഴ്ച മുന്‍പ് കരാറുകാരന്‍ തൊഴിലാളികളുമായെത്തി കെട്ടിടത്തിലെ ചില ജനലും വാതിലുകളും അഴിച്ചു വെച്ചു പോയതല്ലാതെ കെട്ടിടം പൊളിക്കാന്‍ തുടങ്ങിയില്ല. അപകടാവസ്ഥയിലായ കെട്ടിടത്തിനോടു ചേര്‍ന്നു നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുകയും യാത്രക്കാര്‍ ബസ് കാത്തു നില്‍ക്കുന്നതും ടാക്‌സികള്‍ നിര്‍ത്തിയിടുകയും ചെയ്യുന്നുണ്ട്. നിരവധി തവണ സീലിങ് അടര്‍ന്നു വീണെങ്കിലും യാത്രക്കാര്‍ ഭാഗ്യം കൊണ്ടാണ് പരുക്കേല്‍ക്കാതെ രക്ഷപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."