തത്തയുടെ ചിറകരിഞ്ഞപ്പോള്‍ പരാതികള്‍ കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാന വിജിലന്‍സ് കൂട്ടിലെ തത്തയായതോടെ വിശ്വസ്ഥത നഷ്ടമായി. പരാതികളുമായി വിജിലന്‍സിനെ സമീപിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു.
അഴിമതിക്കെതിരായ പോരാട്ടത്തിനിറങ്ങി വിജിലന്‍സ് തലപ്പത്തുനിന്ന് ഡി.ജി.പി ജേക്കബ് തോമസ് കുടിയിറക്കപ്പെട്ടതോടെയാണ് വിജിലന്‍സിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ വിജിലന്‍സിനെ തേടി എത്തിയത് മൂന്ന് പരാതികള്‍ മാത്രം.
ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിയുമ്പോള്‍ 2,356 കേസുകളായിരുന്നു വിജിലന്‍സ് കൈകാര്യം ചെയ്തിരുന്നത്. ഇപ്പോഴത് 150 ല്‍ താഴെയായി. തെളിവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കേസുകള്‍ കൂട്ടമായി എഴുതിത്തള്ളിയതോടെ വിശ്വസ്ഥത നഷ്ടമായതാണ് പരാതിയുമായി വിജിലന്‍സിനെ സമീപിക്കുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാനുള്ള കാരണം.
നിലവിലുള്ള കേസുകളുടെ അന്വേഷണം ഇഴയുന്നത് മാത്രമല്ല ജനങ്ങളുമായി നിരന്തരസമ്പര്‍ക്കം പുലര്‍ത്തുന്ന സര്‍ക്കാര്‍ ഓഫിസുകളിലെ മിന്നല്‍ പരിശോധനകളും വിജിലന്‍സ് അവസാനിപ്പിച്ചു.
റവന്യൂ, മോട്ടോര്‍ വാഹനവകുപ്പ്, ഭക്ഷ്യവകുപ്പ് ഉള്‍പ്പടെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ബന്ധപ്പെടുന്ന വകുപ്പുകളിലൊന്നും മാസങ്ങളായ വിജിലന്‍സ് പരിശോധനകള്‍ നടക്കുന്നില്ല. ഇതിനു പുറമേയാണ് നിലവിലുള്ള കേസുകളിലെ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നത്. കെ.എം മാണി പ്രതിയായ ബാര്‍കോഴ കേസില്‍ ഉള്‍പ്പെടെ തെളിവില്ലെന്ന പേരില്‍ എഴുതിത്തള്ളാന്‍ നടത്തിയ നീക്കം വിജിലന്‍സിനോടുള്ള ജനങ്ങളുടെ വിശ്വാസ്യത തകര്‍ത്തു.
ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറുടെ ചുമതല വഹിക്കവേ വിജിലന്‍സിലേക്ക് പരാതി പ്രളയമായിരുന്നു. കിട്ടിയ പരാതികളിലെല്ലാം ക്വിക്ക് വെരിഫിക്കേഷന്‍ നടത്തി നടപടികളുമായി വിജിലന്‍സ് അതിവേഗം നീങ്ങി. എന്നാല്‍ ജേക്കബ് തോമസ് മാറി സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും പിന്നീട് എസ്.സി അസ്താനയും ഇപ്പോഴത്തെ ഡയറക്ടര്‍ എ.ഡി.ജി.പി മുഹമ്മദ് യാസിനും വിജിലന്‍സ് ഡയറക്ടറുടെ കസേരയില്‍ വന്നതോടെ കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും വിജിലന്‍സിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ഭരണ പക്ഷത്തെ വെറുപ്പിക്കേണ്ടെന്ന നിലപാടിലേക്ക് ഉദ്യോഗസ്ഥര്‍ മാറിയതാണ് വിജിലന്‍സിന്റെ വിശ്വാസ്യതക്ക് ഇടിവുണ്ടാക്കിയത്.
എ.ഡി.ജി.പിമാരെ വിജിലന്‍സ് ഡയറക്ടറാക്കുന്നതിനെതിരേ പാര്‍ട്ടി സെക്രട്ടറിയായിരിക്കേ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. ഭരണത്തിന്റെ തുടക്കത്തില്‍ അഴിമതിക്കെതിരേ വാളോങ്ങിയാണ് ജേക്കബ് തോമസിനെ വിജിലന്‍സിന്റെ തലപ്പത്ത് നിയോഗിച്ചത്.
സര്‍ക്കാരിന് താല്‍പര്യമുള്ള കേസുകളില്‍ ജേക്കബ് തോമസ് വഴങ്ങാതെ വന്നതോടെ അദ്ദേഹത്തിനെതിരായ നീക്കവും തുടങ്ങി. മുന്‍നിലപാടിന് വിരുദ്ധമായി എ.ഡി.ജി.പി റാങ്കിലുള്ള മുഹമ്മദ് യാസിനെയാണ് മുഖ്യമന്ത്രി ഇപ്പോള്‍ വിജിലന്‍സ് തലപ്പത്ത് നിയോഗിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."