രാജ്യദ്രോഹത്തിന് കേസെടുക്കണമെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് 'ഉമ്മര്‍ഖാന്‍' ആക്കണോ?- എ.എന്‍ രാധാകൃഷ്ണന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ പ്രതിഷേധം
കോഴിക്കോട്: ബാലാകോട്ട് ആക്രമണത്തില്‍ എത്ര ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട ഉമ്മന്‍ചാണ്ടിക്കെതിരെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ നടത്തിയ പരാമര്‍ശം വിവാദമാവുന്നു. ഉമ്മന്‍ചാണ്ടിയെ രാജ്യദ്രോഹത്തിന് ജയിലില്‍ അടയ്ക്കണമെന്നും പേര്‍ 'ഉമ്മര്‍ഖാന്‍' എന്നാക്കണമെന്നുമാണ് രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടത്.
മുസ്‌ലിംകള്‍ക്കെതിരെ കടുത്ത വിദ്വേഷം പരത്തുന്നതാണ് പ്രസ്താവനയെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നുണ്ട്. രാജ്യദ്രോഹി ആവണമെങ്കില്‍ ക്രിസ്ത്യന്‍ പേര് മാറ്റി മുസ്‌ലിം പേര് സ്വീകരിക്കണോയെന്നാണ് ഇവര്‍ ഉന്നയിക്കുന്നത്.
പരിവര്‍ത്തന യാത്രയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാധാകൃഷ്ണന്‍. ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയെന്ന് പറയുന്ന വ്യോമാക്രമണത്തെ കുറിച്ചുളള വിരങ്ങളില്‍ വ്യക്തത വരുത്തണമെന്നാണ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത്.
ഇതിനെതിരെ ആയിരുന്നു രാധാകൃഷ്ണന്റെ വര്‍ഗീയ പരാമര്‍ശം. 'ഉമ്മന്‍ ചാണ്ടി പാക് പ്രധാനമന്ത്രിയുടേയും പാക് പട്ടാളത്തിന്റെയും മെഗാഫോണായി. പാക് പ്രധാനമന്ത്രിയെ ഇത്രയും അംഗീകരിക്കാന്‍ എന്താണ് പ്രചോദനം? ഉമ്മന്‍ ചാണ്ടിക്ക് തീവ്രവാദികളുടേയും പാകിസ്താന്റെയും ഭാഷയാണ്'- രാധാകൃഷ്ണന്‍ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണനെ ഉമ്മന്‍ ചാണ്ടി കടത്തിവെട്ടി. മതന്യൂനപക്ഷങ്ങളില്‍ ആശങ്ക പടര്‍ത്തുകയാണ് ലക്ഷ്യം. ഉമ്മന്‍ചാണ്ടിക്ക് മത ന്യൂനപക്ഷങ്ങളില്‍ അവിശ്വാസമുണ്ടോ? കോണ്‍ഗ്രസ് അദ്ദേഹത്തെ പുറത്താക്കുമോ. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗൗരവത്തില്‍ ആലോചിക്കണം. ഇക്കാര്യത്തില്‍ നിയമ നടപടികള്‍ ബി.ജെ.പി പരിഗണിക്കുമെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി പറഞ്ഞത്
ബംഗ്ലാദേശ് യുദ്ധത്തിനുശേഷം അടല്‍ ബിഹാരി വാജ്‌പേയ് ദുര്‍ഗയെന്ന് അഭിസംബോധന ചെയ്ത ഇന്ദിരാഗാന്ധിയുടെ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ മാത്രം ബി.ജെ.പി വളര്‍ന്നിട്ടില്ലെന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. ബാലാകോട്ട് അക്രമണത്തെക്കുറിച്ച് പ്രതിപക്ഷം സൈന്യത്തോട് തെളിവു ചോദിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ ആക്ഷേപം അടിസ്ഥാനരഹിതമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസുരക്ഷയെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്നതിനെ മാത്രമാണ് പ്രതിപക്ഷം ചോദ്യം ചെയ്തതെന്ന് ഉമ്മന്‍ചാണ്ടി പ്രസ്താവനയിലൂടെ പറഞ്ഞു.
ബാലാകോട്ട് സൈനിക ആക്രമണത്തില്‍ മരിച്ചവരുടെ സംഖ്യ തിട്ടപ്പെടുത്തിയില്ലൊണ് മൂന്നു സൈനിക മേധാവികളും പരസ്യമായി പറഞ്ഞത്. എന്നാല്‍ മാധ്യമങ്ങളില്‍ 300 ലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് വാര്‍ത്തകള്‍ വന്നു. മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ അനൗദ്യോഗികമായി നല്‍കിയ വാര്‍ത്തയായിരുന്നു അതെന്നു വ്യക്തം. ആരും അതിനെ ചോദ്യം ചെയ്തു പോലുമില്ല. എന്നാല്‍ അന്തര്‍ദേശീയ മാധ്യമങ്ങളും മറ്റും അവിടെ പോയി നടത്തിയ പരിശോധനയില്‍ സര്‍ക്കാര്‍ നല്‍കിയ അനൗദ്യോഗിക അവകാശവാദങ്ങള്‍ ശരിവയ്ക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."