കാസര്‍കോട് വീണ്ടും ആശങ്ക, രോഗം സ്ഥിരീകരിച്ച പത്തുപേരില്‍ ജനപ്രതിനിധിയും കുടുംബവും
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച പത്തു പേരില്‍ ഒരു ജനപ്രതിനിധിയും കുടുംബവും. ഇതോടെ ജില്ലയില്‍ വീണ്ടും ആശങ്കപടരുന്നു. മഞ്ചേശ്വരത്താണ് ജനപ്രതിനിധിക്കും പൊതുപ്രവര്‍ത്തകനായ ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കും രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ നിന്നെത്തി പിന്നീട് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരാണിവര്‍.
കമ്മ്യൂണിറ്റി കിച്ചനിലും രണ്ട് ആശുപത്രികളിലും ഇവര്‍ സന്ദര്‍ശനം നടത്തിയിരുന്നതായാണ് വിവരം. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കാസര്‍കോട് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപതി എന്നിവിടങ്ങളിലെ ഒരോ ജീവനക്കാര്‍ക്കാണ് കൊവിഡ് കണ്ടെത്തിയത്.
അതേ സമയം ഇന്നലെ സമ്പര്‍ക്കം വഴി മൂന്ന് മുതിര്‍ന്നവര്‍ക്കും രണ്ടു കുട്ടികള്‍ക്കും രോഗം കണ്ടെത്തിയിരുന്നു.
മുംബൈയില്‍ നിന്ന് വന്ന ഒരാളെ അതിര്‍ത്തിയില്‍ നിന്നും കാറില്‍ കൂട്ടികൊണ്ട് വന്ന കാര്‍ ഡ്രൈവര്‍ക്കും
കാറിലുണ്ടായിരുന്നവര്‍ക്കുമാണ് രോഗം കണ്ടെത്തിയത്. മറ്റ് മൂന്നുപേര്‍ വിവിധ പ്രദേശങ്ങളില്‍ ഉള്ളവരാണ്.
അതേ സമയം കാര്‍ ഡ്രൈവര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ക്യാന്‍സര്‍ രോഗിയായ ഒരാളെ കൊണ്ട് പോവുകയും ആശുപത്രിയിലെ ലാബ്, എക്‌സറേ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ പോയതായും കണ്ടെത്തിയിട്ടുണ്ട്.
ഇതോടെ സംഭവദിവസം ആശുപത്രിയില്‍ ഉണ്ടായിരുന്നവരെ കൂടി കണ്ടെത്തേണ്ട അവസ്ഥ ആരോഗ്യ വകുപ്പിന് ഉണ്ടാവുകയും ചെയ്തു.
ഇയാള്‍ വഴി സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടാകുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
അതേ സമയം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എങ്ങനെ രോഗം പകര്‍ന്നുവെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
കാര്‍ ഡ്രൈവര്‍ ആശുപത്രിയില്‍ വന്ന ശേഷമാണോ അതല്ല അതിനും മുമ്പേയാണോ ആശുപത്രി ജീവനക്കാര്‍ക്ക് രോഗം പകര്‍ന്നതെന്ന് ഇനിയും കണ്ടെത്തിയിട്ടില്ലെന്നും, കാര്‍ ഡ്രൈവറുടെ സന്ദര്‍ശനം കാരണം സമൂഹ വ്യാപന സാധ്യത കുറവാണെന്നും എന്നാല്‍ ഇത് ഇപ്പോള്‍ കൃത്യമായി പറയാന്‍ സാധിക്കില്ലെന്നും ഡി.എം.ഒ.വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."