മുഴക്കുന്നില്‍ ഭീതി വിതച്ച് വീണ്ടും കാട്ടാന
ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളില്‍ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ പാലപ്പുഴ കൂടലാട് മേഖലയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകള്‍ വാഴ, തെങ്ങ്, പ്ലാവ് മുതലായ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചു. കൂടലാട്ടെ പെരുന്തേന്‍ മൂസയുടെ വാഴത്തോട്ടത്തിലെ അന്‍പതോളം വാഴകള്‍ നശിപ്പിച്ചു. വീട്ടുപറമ്പിലെ കൂറ്റന്‍ പ്ലാവും തെങ്ങും കുത്തിമറിച്ചിട്ടു. ആറളം മണത്തണ മലയോര ഹൈവേയുടെ ഇരുവശങ്ങളിലുമായാണ് മൂസയുടെ കൃഷിയിടം. വാഴകള്‍ നശിപ്പിച്ച ശേഷം ഹൈവേ മുറിച്ചുകടന്ന കാട്ടാനക്കൂട്ടം മൂസയുടെ പുരയിടത്തിലെത്തിയാണ് തെങ്ങും പ്ലാവും നശിപ്പിച്ചത്. ആറളം വന്യജീവി സങ്കേതത്തില്‍നിന്ന് ഫാമിലെത്തിയ കാട്ടാനക്കൂട്ടം ആറളം പുഴ കടന്നാണ് ജനവാസ കേന്ദ്രത്തില്‍ എത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി തവണയാണ് കാട്ടാനകള്‍ മുഴക്കുന്ന് പഞ്ചായത്തിന്റെ വിവിധ മേഖലകളിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങിയത്. ഒരുമാസം മുമ്പ് പേരാവൂര്‍ കല്ലേരിമല വഴി എടത്തൊട്ടിയിലൂടെ മുഴക്കുന്ന് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിനു സമീപം വരെ എത്തി ഒരു പൂജാരിയുള്‍പ്പെടെ രണ്ടുപേരെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. ബൈക്കില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്ന മുഴക്കുന്ന് വട്ടപ്പൊയില്‍ സ്വദേശിയായ യുവാവിനെ കാട്ടാനക്കൂട്ടം കുത്തി പരുക്കേല്‍പ്പിച്ചിരുന്നു. ഇയാള്‍ ഇപ്പൊഴും ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് കാട്ടാന ഭീതിയില്‍ രാത്രികാലങ്ങളില്‍ വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."