കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ തുണയായി; ഹൃദ്രോഗിയെ ബസില്‍ ആശുപത്രിയിലെത്തിച്ചു
നീലേശ്വരം: കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ നല്ലമനസ് രക്ഷിച്ചത് ഒരു മനുഷ്യജീവന്. ഹൃദ്രോഗ ചികിത്സയ്ക്കായി പരിയാരം ഹൃദയാലയത്തിലേക്കു പോകുകയായിരുന്ന രോഗി ബസില്‍ ദേഹാസ്വാസ്ഥ്യം മൂലം തളര്‍ന്നു വീണപ്പോള്‍ അതേ ബസില്‍ അവരെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാര്‍ മാതൃകയായി. കാഞ്ഞങ്ങാട്ടെ ശാന്ത(55)യ്ക്കാണ് യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടത്.
ബന്ധുക്കളായ സ്ത്രീകള്‍ക്കൊപ്പം ആശുപത്രിയിലേക്കു പോകുന്നതിനിടെ പയ്യന്നൂര്‍ ബസ് സ്റ്റാന്റ് പിന്നിട്ടപ്പോഴാണ് ശാന്തയ്ക്കു നെഞ്ചുവേദന കൂടിയത്.
ഉടന്‍ ബസ് റോഡരികിലേക്കു മാറ്റിനിര്‍ത്തി രോഗിയെ പരിചരിച്ചെങ്കിലും വേദന കുറഞ്ഞില്ല. തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ പിലാത്തറ ബസ് സ്റ്റാന്റില്‍ ഇറക്കുകയും അതേ ബസില്‍ ശാന്തയെ പരിയാരം ഹൃദയാലയത്തില്‍ എത്തിക്കുകയായിരുന്നു. രോഗിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
സമയോചിതമായി രോഗിയെ ആശുപത്രിയിലെത്തിച്ച ഡ്രൈവര്‍ ഫ്രാന്‍സിസിനെയും കണ്ടക്ടര്‍ രാജന് പണിക്കരെയും ആശുപത്രി അധികൃതരും ജനങ്ങളും അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."