സ്വത്തുതര്‍ക്കം: ആലുവാ ത്വരീഖത്ത് പിളര്‍ന്നു, യൂസുഫ് സുല്‍ത്താന്റെ മകനെതിരേ സ്വത്ത് തട്ടിപ്പിനും സ്ത്രീകളെ കൈയേറ്റം ചെയ്തതിനും കേസ്
കോഴിക്കോട്: ആലുവ ത്വരീഖത്തില്‍ അധികാര,സ്വത്തു തര്‍ക്കത്തെ തുടര്‍ന്നു ഭിന്നത രൂക്ഷം. ത്വരീഖത് സ്ഥാപകനായ അലുവ സ്വദേശി യൂസുഫ് സുല്‍ത്താന്റെ മരണത്തിനുശേഷമാണു പിന്‍ഗാമികള്‍ തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായി സംഘടന രണ്ടുവിഭാഗമായത്.
യൂസുഫ് സുല്‍ത്താന്റെ ആസ്ഥാനമായിരുന്ന ആലുവയിലെ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മൂത്തമകനായ നിസാമുദ്ദീനാണ് ഒരു വിഭാഗത്തിനു നേതൃത്വം നല്‍കുന്നത്. വളാഞ്ചേരി ആസ്ഥാനമായി സ്ഥാപിച്ച ശൈഖ് ജീലാനി ഇസ്‌ലാമിക് അക്കാദമി ചെയര്‍മാനായ വി.എം അബ്ദുറഹിം മുസ്‌ലിയാരുടെ നേതൃത്വത്തിലാണു മറുവിഭാഗം.
ഇരുവിഭാഗങ്ങളും തമ്മിലുള്ള ഭിന്നത സുല്‍ത്താന്റെ മരണത്തെ തുടര്‍ന്നു തന്നെ രൂപപ്പെട്ടിരുന്നെങ്കിലും പരസ്യമായ പോര്‍വിളിയിലേക്കും വാഗ്വാദത്തിലേക്കും മാറിയതോടെയാണു വിഷയം മാധ്യമശ്രദ്ധ നേടിയത്. യൂസുഫ് സുല്‍ത്താന്റെ പ്രധാന അനുയായികള്‍ ഖലീഫമാര്‍ എന്ന പേരില്‍ ഈ രണ്ടു വിഭാഗത്തിന്റെ കീഴിലായാണിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
സുല്‍ത്താന്റെ അനന്തര സ്വത്തുക്കളുമായി ബന്ധപ്പെട്ടും തര്‍ക്കം ഉയര്‍ന്നിട്ടുണ്ട്. സ്വത്തു മുഴുവനും മൂത്തമകനായ നിസാമുദ്ദീന്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി സുല്‍ത്താന്റെ പെണ്‍മക്കള്‍ പൊലിസില്‍ പരാതി നല്‍കിയിരിക്കുകയാണ്. നിസാമുദ്ദീനെതിരേ പൊലിസ് എഫ്.ഐ.എര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
താനാണു സുല്‍ത്താന്റെ യഥാര്‍ഥ പിന്‍ഗാമി(നാഇബ്) യെന്നും മരണത്തിനു മുന്‍പ് തന്നെ പിതാവു പിന്‍ഗാമിയായി നിശ്ചയിച്ചിട്ടുണ്ടെന്നുമാണു മുത്തമകനായ നിസാമുദ്ദീന്‍ അവകാശപ്പെടുന്നത്. സുല്‍ത്താന്‍ മരണപ്പെട്ട ദിവസം ചേര്‍ന്ന യോഗത്തില്‍ ഇപ്പോള്‍ മറുവിഭാഗത്തിന്റെ നേതാവായ വി.എം അബ്ദുറഹീം മുസ്‌ലിയാരുള്‍പ്പെടെയുള്ള ഖലീഫമാരെല്ലാം താന്‍ പിന്‍ഗാമിയാണെന്ന കാര്യം അംഗീകരിച്ചതാണെന്നും അവരുടെ മഞ്ചേരിയിലും ഇയ്യാട്ടും നടന്ന പല ചടങ്ങുകളിലും കാര്‍മികത്വം വഹിച്ചതു താനാണെന്നും നിസാമുദ്ദീന്‍ പറയുന്നുണ്ട്. അജ്മീറിലെ പ്രതിനിധി വന്നാണു പിന്‍ഗാമിയായുള്ള പ്രഖ്യാപനം നടത്തിയതെന്നും അന്ന് ആരും എതിത്തിട്ടില്ലെന്നും ആലുവ ആസ്ഥാനത്തെ പി.ആര്‍.ഒ ആയ സമദ് ജീലാനി 'സുപ്രഭാത'ത്തോടു പറഞ്ഞു.
എന്നാല്‍, നിസാമുദ്ദീനെ സുല്‍ത്താന്‍ പിന്‍ഗാമിയായി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹത്തിനു മതപരമായ അറിവില്ലെന്നുമാണു റഹിം മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള വിഭാഗം ആരോപിക്കുന്നത്. സ്വത്തുതട്ടിപ്പ്, സ്ത്രീകള്‍ക്കെതിരായ അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്ത നിസാമുദ്ദീനെ പല തവണ തിരുത്താന്‍ ശ്രമിച്ചെന്നും യൂസ്ഫ് സുല്‍ത്താന്റെ ജീവിതരീതിക്കും നിലപാടിനും വിരുദ്ധമായാണു നിസാമുദ്ദീന്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ പറയുന്നു. ശരീഅത്ത് വിരുദ്ധമായ കാര്യങ്ങളില്‍ നിസാമുദ്ദീന്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.
വി.എം അബ്ദുറഹീം മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഖലീഫമാരെന്ന് അവകാശപ്പെടുന്ന സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഇയ്യാട്, മുഹമ്മദ് ബാവ മൗലവി എടയൂര്‍, ഹംസ മുസ്‌ലിയാര്‍ മൂടാല്‍, അബ്ദുല്‍ റസാഖ് സഖാഫി മംഗലാപുരം, എസ്.എ മൗലവി കോട്ടപ്പുറം, അബൂബക്കര്‍ സഅദി കൊപ്പം, അബ്ബാസ് ഫൈസി വഴിക്കടവ് തുടങ്ങിയവരാണു നിസാമുദ്ദീനെതിരേ രംഗത്തുവന്നവര്‍. നിസാമുദ്ദീനെ വിവിധ ഫോട്ടോകളും വീഡിയോകളും ചേര്‍ത്തുള്ള ആല്‍ബം ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതോടൊപ്പം നാലോളം പൊലിസ് കേസുകളും ഇദ്ദേഹത്തിനെതിരേ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് അബ്ദുറഹീം മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സംഘം പരസ്യമായി രംഗത്തുവന്നത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറ 2006 മാര്‍ച്ച് 29 നു ആലുവ ത്വരീഖത്ത് പിഴച്ചതാണെന്നും അതില്‍നിന്നു വിശ്വാസികള്‍ വിട്ടുനില്‍ക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു.
14 വര്‍ഷത്തിന് ശേഷം സമസ്തയുടെ നിലപാട് ശരിയാണെന്നും പൊതുസമുഹത്തിനു പൂര്‍ണമായും ബോധ്യമായിരിക്കുകയാണ്. കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കെ.ടി മാനു മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ടി.എം കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ എന്നിവരടങ്ങുന്ന അന്വേഷണസംഘം ആറുവര്‍ഷത്തെ പഠനത്തിനു ശേഷമാണ് അന്തിമ റിപ്പോര്‍ട്ട് മുശാവറയില്‍ വച്ചത്. അന്ന് ആര്‍ജവത്തോടെ സ്വീകരിച്ച ആ പണ്ഡിത നിലപാടു ശരിയാണെന്നു കാലം തെളിയിച്ചിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."