യുവാവ് കഞ്ചാവുമായി ദുബായില്‍ പിടിയിലായ സംഭവം: ഏജന്റ് ചതിച്ചതാണെന്ന് മാതാപിതാക്കള്‍
രാജാക്കാട്: കഞ്ചാവുമായി മലയാളി യുവാവ് ദുബായില്‍ എയര്‍പോര്‍ട്ട് പൊലിസിന്റെ പിടിയിലായ സംഭവത്തില്‍ ഏജന്റ് ചതിച്ചതാണെന്ന് മാതാപിതാക്കള്‍. മൂന്ന് മാസം മുമ്പ് ദുബായ് എയര്‍പോര്‍ട്ടില്‍ 5 കിലോഗ്രാം കഞ്ചാവുമായി പൊലിസ് അറസ്റ്റ് ചെയ്ത കുംഭപ്പാറ കണ്ണശേരില്‍ അഖില്‍(21)ന്റെ മാതാപിതാക്കളാണു തങ്ങളുടെ മകനെ ഏജന്റ് ചതിച്ചതാണെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
ഹോട്ടല്‍ മാനേജ്മമെന്റ് പഠനത്തിനുശേഷം ജോലിതേടി നടന്ന അഖിലിന് എസ്.എഫ്.ഐ നേതാവെന്ന് സ്വയം പരിചയപ്പെടുത്തിയ എറണാകുളം സ്വദേശിയാണ് വിസ ശരിയാക്കി നല്‍കിയത്. ഇതിനു പുറമെ ഇയാള്‍ പണം മുടക്കി ടിക്കറ്റെടുത്ത് നല്‍കുകയും ചെയ്തു. ദുബായിലേക്ക് പോകാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വരാനാണ് അഖിലിനോട് ആവശ്യപ്പെട്ടിരുന്നത്. എയര്‍പോര്‍ട്ടില്‍ കാത്തുനിന്ന ഇയാള്‍ ദുബായിലെ സുഹൃത്തുക്കള്‍ക്കുള്ള അച്ചാറും ഉപ്പേരിയുമാണെന്ന് പറഞ്ഞ് ഒരു ബാഗ് അഖിലിനെ ഏല്‍പ്പിച്ചു. ദുബായ് എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ തന്റെ സുഹൃത്തുക്കള്‍ വന്ന് കൂട്ടിക്കൊണ്ട് പോകുമെന്നും അവര്‍ക്കൊപ്പമാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നതെന്നും അഖിലിനോടു പറഞ്ഞു. ദുബായ് എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ പൊലിസ് ബാഗ് പരിശോധിക്കുകയും കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു. അറസ്റ്റിലായ അഖില്‍ ഇപ്പോള്‍ അവിടെ ജയിലിലാണ്.
അഖിലിന്റെ അച്ഛന്‍ സജീവനും അമ്മ മിനിയും മകന്റെ ദുബായ് യാത്രപോലും ഏറെ വൈകിയാണ് അറിയുന്നത്. ജയിലില്‍ നിന്നും മകന്‍ ഇവരെ ഫോണില്‍ വിളിച്ചപ്പോഴാണ് പൊലിസിന്റെ പിടിയിലാണെന്നും ഏജന്റ് കൊടുത്തുവിട്ട ബാഗില്‍ കഞ്ചാവുണ്ടായിരുന്നെന്നും അറിയുന്നത്. ഉടന്‍ തന്നെ ഏജന്റിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മകനെ ജയിലില്‍ നിന്നിറക്കിത്തരാമെന്ന് വാക്കു നല്‍കിയിരുന്നു. പിന്നീട് ഇയാളെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ഏജന്റ് ചതിയില്‍പ്പെടുത്തിയതായി കാണിച്ച് സജീവനും മിനിയും വിദേശകാര്യമന്ത്രാലയത്തിനും ജില്ലാ പൊലിസ് മേധാവിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. ആദ്യമായി വിദേശത്ത് പോകുന്ന മകന്‍ കഞ്ചാവ് കടത്തുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഏജന്റിനെ കണ്ടെത്തി ചോദ്യം ചെയ്താല്‍ സത്യം തെളിയുമെന്നും ഇവര്‍ പറയുന്നു. നാട്ടിലെ പൊതുപ്രവര്‍ത്തകര്‍ മുഖാന്തിരം ദുബായിലെ ഇന്ത്യന്‍ എംബസി അധികൃതരെയും വിവരമറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."