HOME
DETAILS
MAL
മൊബൈല്‍ ഫോണുകള്‍ കൊവിഡ് വാഹകരാകാമെന്ന് ഡോക്ടര്‍മാര്‍
backup
May 16 2020 | 03:05 AM
ന്യൂഡല്‍ഹി: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് ഡോക്ടര്‍മാര്‍. ആശുപത്രിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ രോഗം പകരാന്‍ ഇടയാക്കിയേക്കുമെന്നും റായ്പുര്‍ എയിംസിലെ ഒരു സംഘം ഡോക്ടര്‍മാര്‍ പറയുന്നു.
കൈകള്‍ വൃത്തിയായി കഴുകിയാലും മൊബൈല്‍ ഫോണിന്റെ ഉപരിഭാഗം മുഖത്തോടും വായയോടും അടുത്ത് ഇടപഴകുന്നതാണ് എന്നതാണ് അപകട സാധ്യത ഉണ്ടാക്കുന്നത്. ഡോക്ടര്‍മാരിലധികവും ഓരോ 15 മിനുട്ടിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ്. മാസ്‌കുകള്‍ വീണ്ടും കഴുകുകയോ ഉപയോഗശേഷം ഉപേക്ഷിക്കുകയോ ചെയ്യുമെങ്കിലും മൊബൈല്‍ ഫോണ്‍ കഴുകുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നില്ല.
കൈകള്‍ എത്ര കഴുകിയാലും വീണ്ടും ഫോണ്‍ ഉപയോഗിക്കുന്നതോടെ അത് നിഷ്ഫലമാകുന്നു. രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരെല്ലാം മൊബൈല്‍ ഫോണ്‍ ആശുപത്രികളില്‍ ഉപയോഗിക്കുന്നവരാണെങ്കിലും 10 ശതമാനം പേര്‍ മാത്രമേ അത് എപ്പോഴും വൃത്തിയായി തുടച്ച് സൂക്ഷിക്കുന്നുള്ളൂവെന്ന് ഏപ്രില്‍ 22ന് ബി.എം.ജെ ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ എയിംസ് ഡോക്ടര്‍മാര്‍ പറയുന്നു. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ മൊബൈല്‍ ഫോണ്‍ ഓഫാക്കിയ ശേഷം ഉപരിതലം ഐസോപ്രൊപയില്‍ ആല്‍ക്കഹോളോ ക്ലോറെക്‌സ് ഡിസ്ഇന്‍ഫെക്റ്റിങ് വൈപ്‌സോ ഉപയോഗിച്ച് തുടയ്ക്കണമെന്ന് രണ്ട് പ്രമുഖ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഡോക്ടര്‍മാര്‍ ഐ.സി.യുവിലും ഓപറേഷന്‍ തിയറ്ററിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുകയും ഉപയോഗിക്കുമ്പോള്‍ മുഖത്ത് സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ലേഖനത്തില്‍ പറയുന്നു.
അതേസമയം മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് കൊവിഡ് വ്യാപനത്തില്‍ എന്തെങ്കിലും പങ്കുള്ളതായി ലോകാരോഗ്യ സംഘടന സൂചിപ്പിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."