ജീവനിയുടെ സൗജന്യ മെഗാ ആയുര്‍വേദ മെഡിക്കല്‍ ക്യാംപ് 17ന്
ആറാട്ടുപുഴ: തൃശൂര്‍ ജില്ലയിലെ നിര്‍ദ്ധനരായ രോഗികള്‍ക്ക് ആശ്വാസം പകരാന്‍ ആറാട്ടുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ജീവനിയുടെയും തൃശൂര്‍ തൈക്കാട്ട് മൂസ്സ് വക എസ്. എന്‍. എ ഔഷധശാലയുടേയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഗാ ആയുര്‍വേദ മെഡിക്കല്‍ ക്യാംപ് 17ന് ആറാട്ടുപുഴ ശ്രീമുരളി ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നു.
കേരള വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ക്യാംപ് ഉദ്ഘാടനം ചെയ്യും. കേരള കൃഷി വകുപ്പു മന്ത്രി അഡ്വ. വി.എസ് സുനില്‍ കുമാര്‍ മുഖ്യാതിഥിയായിരിക്കും. ക്യാംപിനോടനുബന്ധിച്ച് സൗജന്യ ഔഷധ വിതരണത്തിന്റെ ഉദ്ഘാടനം നാട്ടിക എം.എല്‍.എ ഗീത ഗോപി നിര്‍വഹിക്കുന്നു. ക്യാംപില്‍ ചികിത്സക്ക് എത്തുന്നവര്‍ക്ക് സൗജന്യ ഔഷധ വിതരണം, രോഗ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്ന കര്‍ക്കടക ഔഷധ കഞ്ഞിയുടെ കിറ്റു വിതരണം, സൗജന്യ രക്ത ഗ്രൂപ്പ് നിര്‍ണയം, 'ആയുര്‍വേദവും ദീര്‍ഘായുസ്സും' എന്ന പുസ്തകത്തിന്റെ വിതരണം, 15 ഇനം ഔഷധ സസ്യങ്ങളുടെ വിതരണം എന്നിവയുമുണ്ട്. രാവിലെ 9 മുതല്‍ 1മണി വരെ നടത്തുന്ന ക്യാംപില്‍ വിവിധ ശാഖകളിലായി പതിനാറ് ആയുര്‍വേദ ഡോക്ടര്‍മാരുടെ സേവനം ഉണ്ടാകും.
ആയുര്‍വേദത്തിന്റെ പ്രാധാന്യം, അവയവദാനം എന്നിവയെക്കുറിച്ചുള്ള ബോധവല്‍ക്കരണവും ഇതോടനുബന്ധിച്ചുണ്ടാകും. ആയുര്‍വേദത്തെ പരിപോഷിപ്പിച്ച് മുഴുവന്‍ മാനവരാശിയുടെയും ആരോഗ്യ സംരക്ഷണത്തിന് പാതയൊരുക്കുക എന്നതാണ് ജീവനിയുടെ ഈ ക്യാംപിന്റെ ലക്ഷ്യം.
സൗജന്യ മെഡിക്കല്‍ ക്യാംപില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍ കൂട്ടി പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ സെക്രട്ടറി 'ജീവനി', ആറാട്ടുപുഴ പി.ഒ, തൃശൂര്‍ 680 562 എന്ന വിലാസത്തില്‍ 15-ാം തിയ്യതിക്കുള്ളില്‍ ലഭിക്കത്തക്കവിധം അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496346565, 9447476185 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."