മോദി ബോംബുമായി നടക്കുന്നുവെന്ന വിജയശാന്തിയുടെ പരാമര്‍ശം വിവാദത്തില്‍
ഹൈദരാബാദ്: തെലങ്കാനയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്റെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രിക്കെതിരേ നടിയും കോണ്‍ഗ്രസ് നേതാവുമായ വിജയശാന്തി നടത്തിയ പരാമര്‍ശം വിവാദത്തില്‍.
രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്താനായി ബോംബും കൊണ്ടാണ് മോദി നടക്കുന്നത്. ഏതുനിമിഷവും അത് ഉപയോഗിക്കും. ഭീകരനെപോലെയാണ് മോദി പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു. ജനങ്ങളെ സ്‌നേഹിക്കുന്നതിനു പകരം പ്രധാനമന്ത്രി ഒളിച്ചിരുന്ന് അവരെ ഭയപ്പെടുത്തുകയാണെന്നും വിജയശാന്തി ആരോപിച്ചു. ഷംഷാദ്ബാദില്‍ നടന്ന റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു വിജയശാന്തിയുടെ വിവാദ പരാമര്‍ശം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാനുള്ള യുദ്ധമാണ് നടത്തുന്നത്. എന്നാല്‍ മോദി ജനാധിപത്യത്തെ കൊലചെയ്യുകയാണെന്നും ജനങ്ങളെ ദ്രോഹിക്കുകയാണ് ചെയ്യുന്നതെന്നും വിജയശാന്തി ആരോപിച്ചു.
അതേസമയം അവരുടെ പരാമര്‍ശത്തിനെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തെ മാനിക്കണമെന്നും രാഷ്ട്രീയ ശത്രുതയുണ്ടെങ്കിലും അപകീര്‍ത്തികരമായ പരമാര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും കോണ്‍ഗ്രസ് നേതാവ് രേണുകാ ചൗധരി പറഞ്ഞു.
2017ലെ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഇതേ രീതിയില്‍ നടത്തിയ പരമാര്‍ശമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ ഇടയാക്കിയത്. വിജയശാന്തിയുടെ പരാമര്‍ശത്തിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് ബി.ജെ.പി ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."