ബ്ലേഡ് മാഫിയയില്‍നിന്ന് രക്ഷിക്കാന്‍ 'മുറ്റത്തെ മുല്ല'
തിരുവനന്തപുരം: ചോര കുടിക്കുന്ന ബ്ലേഡ് മാഫിയയുടെ കറുത്ത കരങ്ങളില്‍നിന്ന് സാധാരണക്കാരെ രക്ഷിക്കുവാനായി സഹകരണ സംഘങ്ങളും കുടുംബശ്രീയും കൈകോര്‍ക്കുന്നു. 'മുറ്റത്തെ മുല്ല' എന്ന പേരില്‍ സര്‍ക്കാരിന്റെ ലഘുവായ്പാ പദ്ധതിയാണ് നിലവില്‍ വരുന്നത്.
വീട്ടുമുറ്റത്തുചെന്ന് ലളിതമായ നടപടി ക്രമങ്ങളിലൂടെ ഏറ്റവും കുറഞ്ഞ പലിശക്ക് ലഘുവായ്പ നല്‍കുകയും ആഴ്ചതോറുമുള്ള തിരിച്ചടവ് ക്രമീകരണത്തിലൂടെ ഗുണഭോക്താവില്‍നിന്നു വായ്പാതുക ഈടാക്കുകയും ചെയ്യുന്നതാണ് 'മുറ്റത്തെ മുല്ല' പദ്ധതി.
പദ്ധതി പ്രകാരം 1000 രൂപ മുതല്‍ 25000 രൂപ വരെയാണ് ഒരാള്‍ക്ക് വായ്പയായി നല്‍കുക. നിലവില്‍ കൊള്ളപ്പലിശക്കാരില്‍ നിന്നു എടുത്ത വായ്പ ഒറ്റത്തവണയായി അടച്ചുതീര്‍ക്കുന്നതിനും വായ്പ നല്‍കും. വായ്പക്കാരനില്‍നിന്നു 12 ശതമാനം പലിശയാണ് ഈടാക്കുക. ഇതില്‍നിന്നു 9 ശതമാനം പലിശ പ്രാഥമിക കാര്‍ഷിക ബാങ്കുകളില്‍ അടയ്ക്കണം. ബാക്കി കുടുംബശ്രീ യൂനിറ്റുകള്‍ക്കക്കും വായ്പാ ഇടപാട് നടത്തുന്ന യൂനിറ്റ് അംഗത്തിനുമുള്ളതാണ്. പരമാവധി ഒരു വര്‍ഷമാണ് വായ്പ തിരിച്ചടയ്ക്കാനുള്ള കാലപരിധി. 10 ആഴ്ചയില്‍ തിരിച്ചടവ് പൂര്‍ത്തിയാകുന്ന വായ്പകളും നല്‍കും.
സംസ്ഥാനത്ത് വിപുലമായ ശൃംഖലയുള്ള പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ അതാത് പ്രദേശങ്ങളിലെ കുടുംബശ്രീ സംവിധാനവുമായി കൂടിച്ചേര്‍ന്നാണ് പദ്ധതി നിര്‍വഹിക്കുക. ചിലയിടങ്ങളില്‍ താല്‍പര്യപൂര്‍വം മുന്നോട്ടുവരുന്ന മറ്റ് സഹകരണ സംഘങ്ങള്‍ വഴിയും പദ്ധതി നടപ്പാക്കും. പാലക്കാട് ജില്ലയിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. ആവശ്യക്കാരുടെ എണ്ണമനുസരിച്ച് ഓരോ വാര്‍ഡിലേയും ഒന്നുമുതല്‍ മൂന്നുവരെ കുടുംബശ്രീ യൂനിറ്റുകളിലൂടെയാണ് പദ്ധതി നടപ്പിലാക്കുക. വായ്പാ കണക്കുകള്‍ സൂക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും കുടുംബശ്രീ യൂണിറ്റുകകള്‍ക്കായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."