സ്റ്റേഷന്റെ ഇരുവശങ്ങളിലേക്കുമുള്ള കാന വൃത്തിയാക്കി സ്ലാബ് സ്ഥാപിക്കും
കളമശ്ശേരി: മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ദേശീയപാതയോരത്തെ മുഴുവന്‍ കാനയും തകര്‍ന്നിരിക്കുകയാണെന്നും പല റോഡുകളും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണെന്നും പലയിടത്തും മലിനജലം ദേശീയ പാതയിലൂടെ ഒഴുകാന്‍ സാധ്യതയുണ്ടെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.ഇതേ തുടര്‍ന്ന് കൗണ്‍സിലര്‍മാരുടെ ആവശ്യങ്ങള്‍ കെ.എം.ആര്‍.എല്‍ ഉദ്യോഗസ്ഥരും നഗരസഭാ ഉദ്യോഗസ്ഥരും കൂടി ബധനാഴ്ച
പരിശോധിക്കും. ബന്ധപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഈ പരിശോധനയില്‍ ഇരുകൂട്ടരും യോജിച്ച് കണ്ടെത്തുന്ന കാര്യങ്ങളില്‍ പരിഹാരമുണ്ടാക്കും.എറണാകുളത്തേക്കുള്ള ടോള്‍ ബസ് സ്റ്റോപ്പിന് മുന്നിലെ കാന പുറകിലേക്ക് മാറ്റണമെന്ന് കൗണ്‍സിലര്‍ മാര്‍ട്ടിന്‍ തായങ്കേരി ആവശ്യപ്പെട്ടു. ഇടപ്പള്ളി തോടിന്റെ സമീപത്തു നിന്ന് ടോളിലേക്കുള്ള (എറണാകുളം ഭാഗത്തേക്കുളള റോഡിലെ ) നടപ്പാത വന്നു ചേരുന്നത് ഒരു ട്രാന്‍സ്‌ഫോര്‍മറിന് മുന്നിലാണ്.
ഇവിടെയും സമീപത്തും സ്വകാര്യ വ്യക്തികള്‍ ദേശീയ പാത കയ്യേറിയിട്ടുണ്ടെന്നും മാര്‍ട്ടിന്‍ പറഞ്ഞു. ഇവിടെ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാമെന്ന് കെ.എം.ആര്‍.എല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.കളമശ്ശേരി നഗരസഭ പ്രദേശത്തെ ദേശീയപാതയോരത്ത് പുതിയ കാനപണിയണമെങ്കിലും മുഴുവന്‍ കാനകളും പുതുക്കിപ്പണിയണമെങ്കിലും ദേശീയ പാതാ അതോറിറ്റിയുടെ അനുമതിയും ഫണ്ടും ലഭിക്കണമെന്ന് യോഗത്തില്‍ കെ.എം.ആര്‍.എല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തകര്‍ന്ന കാനകള്‍ പുതുക്കിപ്പണിയാന്‍ മാത്രമേ ഫണ്ടുള്ളൂ.പുതിയ കാന വേണമെന്നും മുഴുവന്‍ കാനകളും പുതുക്കിപ്പണിയണമെന്നും നഗരസഭ പ്രമേയം പാസ്സാക്കിത്തന്നാല്‍ എസ്റ്റിമേറ്റ് തയ്യാറാക്കി ദേശീയപാതാ അതോറിറ്റിക്ക് അയച്ചു കൊടുക്കാം.
ഇതനുസരിച്ച് ദേശീയപാതാ ധികൃതര്‍ അനുമതിയും ഫണ്ടും അനുവദിച്ചാല്‍ ജോലി ചെയ്യാമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.മെട്രോ നിര്‍മ്മാണം മൂലം തകര്‍ന്ന പാലക്കാമുകള്‍ റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് എച്ച്.എം.ടി. മെട്രോ കാസ്റ്റിങ്ങ് യാര്‍ഡില്‍ നിന്ന് നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടു പോകുന്നത് ബുധനാഴ്ച രാവിലെ മുതല്‍ തടയുമെന്ന് കൗണ്‍സിലര്‍ വി.എസ്.അബൂബക്കര്‍ യോഗത്തില്‍ പറഞ്ഞു. എന്നാല്‍ സാമ്പത്തിക ബാധ്യത വരുത്തുമെന്നതിനാല്‍ റോഡ് നന്നാക്കുന്ന കാര്യം ഉന്നതോദ്യോഗസ്ഥരുടെ തീരുമാന ശേഷം 17 ന് അറിയിക്കാമെന്ന് കെ.എം.ആര്‍.എല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഈ തീരുമാനം അബൂബക്കറിന് സ്വീകാര്യമായില്ല. ഇതേ തുടര്‍ന്നാണ് നിര്‍മ്മാണ സാമഗ്രികള്‍ തടയുമെന്ന് അബൂബക്കര്‍ പറഞ്ഞത്. ഈ തീരുമാനത്തോട് മറ്റു കൗണ്‍സിലര്‍മാരും യോജിച്ചു.യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ ജെസ്സി പീറ്റര്‍ അധ്യക്ഷയായി ഡി.എം.ആര്‍.സി ഉദ്യോഗസ്ഥന്‍ വിനു സി കോശി, കെ.എം.ആര്‍.എല്‍ ഉദ്യോഗസ്ഥന്‍ എസ്.സുബ്രഹ്മണ്യ അയ്യര്‍, കണ്‍സിലര്‍മാരായ എ.കെ ബഷീര്‍, സബീന ജബ്ബാര്‍,കെ.എ സിദ്ധീഖ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."