യുവതിയെ അപമാനിച്ച റെയില്‍വേ ഉദ്യോഗസ്ഥന് പുരസ്കാരം നല്‍കുന്നതായി ആരോപണം
കൊച്ചി: യുവതിയെ അപമാനിച്ചതിന് റെയില്‍വേ പൊലിസ് കേസെടുത്ത ഉദ്യോഗസ്ഥന് റെയില്‍വേ പുരസ്കാരം നല്‍കുന്നതായി ആരോപണം.എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ കമേഴ്സ്യല്‍ ഇന്‍സ്പെക്ടര്‍ പ്രസൂണ്കുമാറിനെയാണ് റെയില്‍വേ മാനേജര്‍ പുരസ്കാരം നല്കി ആദരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 24ന് സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ റസ്റ്ററന്റ് ജീവനക്കാരിയെ അധിക്ഷേപിച്ച കേസില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നുവെന്ന് യുവതി വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. പരാതി ബന്ധപ്പെട്ട റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നതായും യുവതി പറഞ്ഞു. തിരുവനന്തപുരം ഡിവിഷനിലെ കമേഴ്സ്യല്‍ ഉദ്യോഗസ്ഥരുടെ മികവ് പരിഗണിച്ചാണ് ഇയാള്‍ക്ക് പുരസ്കാരം നല്‍കുന്നത്.
റസ്റ്റോറന്റിലെ ജീവനക്കാരെ ഇയാള്‍ ദേഹോപദ്രവം ചെയ്യാറുണ്ടെന്നും യുവതി ആരോപിച്ചു. ചേര്‍ത്തലയില്‍ പട്ടികജാതിക്കാരനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും തുപ്പുകയും ചെയ്തതിനും ഇയാള്‍ക്കെതിരെ കേസുണ്ടെന്നും ഇവര്‍ ആരോപിച്ചു. ഇയാള്‍ക്ക് പുരസ്കാരം നല്‍കരുതെന്നും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യണമെന്നും യുവതി ആവശ്യപ്പെട്ടു. ആര്.ജെ.ഡി ഭാരവാഹികളായ അനു ചാക്കോ, അഡ്വ.പി.ടി രാധാകൃഷ്ണന്, കെ രാമഭദ്രന്, സുബൈര്‍ തുടങ്ങിയവര്‍ യുവതിക്കൊപ്പം വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."