സുരക്ഷ ഉറപ്പാക്കിയ ഒരു വര്‍ഷം; കൊയിലാണ്ടി ഫയര്‍സ്റ്റേഷന്‍ ഒരു വര്‍ഷം പിന്നിടുന്നു
കൊയിലാണ്ടി: സേവനപാതയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച് കൊയിലാണ്ടി ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍ ഒരു വര്‍ഷം പിന്നിടുകയാണ്. 2017 ജൂണ്‍ 24ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ഫയര്‍ സ്റ്റേഷന്‍ കൊയിലാണ്ടിക്കാരുടെ ഏറെ കാലത്തെ സ്വപ്നസാക്ഷാല്‍കാരമായാണ് സേവനമാരംഭിച്ചത്. ജനപ്രതിനിധികളുടേയും രാഷ്ട്രീയസാംസ്‌കാരിക സംഘടനകളുടേയും നിരന്തരമായ സമ്മര്‍ദത്തെ തുടര്‍ന്ന് ഫയര്‍സ്റ്റേഷന് വേണ്ടി കൊയിലാണ്ടി സ്റ്റേഡിയം ബില്‍ഡിങില്‍ താല്ക്കാലിക കെട്ടിടമൊരുക്കുകയായിരുന്നു.
ജീവനക്കാരുടേയും സാങ്കേതിക സംവിധാനങ്ങളുടേയും അപര്യാപ്തതയിലും ഒരു വര്‍ഷത്തിനിടെ കൊയിലാണ്ടി മേഖലയിലെ ഒട്ടേറെ ദുരന്തമുഖങ്ങളില്‍ അഗ്‌നിശമന സേന കര്‍മനിരതരായി. വലുതും ചെറുതുമായ അഗ്നിബാധകള്‍, വാഹനാപകടങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ എന്നിവ ഉള്‍പ്പെടെ 183 ഓളം അപകട സാഹചര്യങ്ങളെ രക്ഷാപ്രവര്‍ത്തനത്തിലൂടെ നിയന്ത്രിക്കാന്‍ ഫയര്‍ഫോഴ്‌സിന് കഴിഞ്ഞു.
ഒരു വര്‍ഷത്തിനിടയില്‍ 14ഓളം മനുഷ്യ ജീവനുകള്‍ക്കാണ് ഈ സേനാ വിഭാഗത്തിന്റെ കര്‍മവീര്യത്തിലൂടെ ജീവിതം തിരിച്ചു കിട്ടിയത്.നഗരഹൃദയത്തില്‍ ദേശീയപാതയില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണ് മണിക്കൂറുകള്‍ ഗതാഗതം സ്തംഭിച്ചപ്പോഴും, കിനാലൂരിലെ വെള്ളപ്പൊക്കത്തില്‍ നിരവധി വീടുകളിലായി 64ഓളം പേര്‍ ഒറ്റപ്പെട്ടപ്പോഴും ഏറ്റവുമൊടുവില്‍ കട്ടിപ്പാറ കരിഞ്ചോലമല ദുരന്തമുണ്ടായപ്പോഴും കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് കൈ മെയ് മറന്ന് കര്‍മവീര്യം തെളിയിച്ചു.
എല്ലാ പഞ്ചായത്തുകളിലും കമ്മ്യൂനിറ്റി റസ്‌ക്യൂ വളണ്ടിയര്‍മാരെ രൂപീകരിക്കുന്നതിനുള്ള ബോധവല്‍കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിലൂടെയും വെളിയണ്ണൂര്‍ ചല്ലിയിലെ നെല്‍കൃഷിക്ക് വേണ്ടി നടത്തിയ സേവന പ്രവര്‍ത്തനങ്ങളിലൂടെയും ജനകീയ പിന്തുണ നേടാന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവിന് കഴിഞ്ഞു.ഫയര്‍സ്റ്റേഷന് വേണ്ടി സ്ഥിരം കെട്ടിടം നിര്‍മിക്കുന്നതിന് വേണ്ടി മണമല്‍ കേന്ദ്രമായി നഗരസഭ 25 സെന്റ് സ്ഥലം കൈമാറുന്നതിനുള്ള നടപടികള്‍ തുടര്‍ന്ന് വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."