പതിറ്റാണ്ടുകള്‍ പഴക്കമുള്ള വാളിക്കോട് പാലം അപകടാവസ്ഥയില്‍
നെടുമങ്ങാട്: നൂറ്റാണ്ടോളം പഴക്കമുള്ള വാളിക്കോട് പാലത്തിന്റെ കാലക്കേട് തീര്‍ക്കാന്‍ ഇനിയും നടപടിയായില്ല.ഏറെ ഗതാഗതക്കുരുക്കുള്ള നെടുമങ്ങാട് വട്ടപ്പാറ പി.ഡബ്ലിയു.ഡി റോഡില്‍ വാളിക്കോടിനു സമീപത്തെ പാലമാണ് അധികൃതരുടെ അവഗണനയെ തുടര്‍ന്നു നാശത്തിലായത്.
കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നുപോകാന്‍ കഴിയുന്ന വളരെ കുറഞ്ഞ വീതിയാണ് പാലത്തിനുള്ളത്. നെടുമങ്ങാട് നിന്നും എം.സി റോഡിലെ വട്ടപ്പാറയിലെത്താനുള്ള ഏക റോഡിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡില്‍ എതിരെ വരുന്ന വാഹനത്തിനെ കടത്തിവിട്ടശേഷമേ മറ്റൊരു വാഹനത്തിന് പാലം കടക്കാന്‍ കഴിയൂവെന്നതാണ് സ്ഥിതി.വേങ്കോട് എസ്.യു.ടി മെഡിക്കല്‍ കോളേജ്,നെടുമങ്ങാട് ഗവ.കോളേജ് തുടങ്ങി വിവിധ സ്ഥാപനങ്ങളിലേക്കടക്കം നിത്യേന നിരവധി വാഹനങ്ങള്‍ ഇതുവഴി സഞ്ചരിക്കുന്നുണ്ട്. കിള്ളിയാറിനു കുറുകെ പഴയ നിര്‍മാണ രീതിയായ 'ആര്‍ച്ച് 'പാലമായാണ് ഇത് പണിതിട്ടുള്ളത്. പൊന്മുടി റോഡിലെ ചിറ്റാര്‍,കല്ലാര്‍ പാലങ്ങള്‍ ,അരുവിക്കര റോഡിലെ കൂവക്കുടി പാലം എന്നിവയുടെ നിര്‍മാണ രീതിയാണ് ഇവിടെയും അനുവര്‍ത്തിച്ചിരിക്കുന്നത്.ബ്രിട്ടീഷ് കാലഘട്ടത്തില്‍ പണിത ഈ പാലങ്ങളുടെ നിര്‍മാണ കാലയളവിലാകാം വാളിക്കോട് പാലവും പണിതതെന്ന് നാട്ടുകാര്‍ പറയുന്നു.നിലവിലെ പാലത്തിന്റെ ബലക്ഷയം കാരണം കൂവക്കുടി പാലത്തിന് സമാന്തരമായി നിര്‍മ്മിക്കുന്ന പുതിയ പാലത്തിന്റെ ഒന്നാം ഘട്ട സ്ലാബിന്റെ കോണ്‍ക്രീറ്റ് നടന്നുകഴിഞ്ഞു.ചിറ്റാര്‍ പാലം പൊളിച്ച് പുതിയത് പണിയാനുള്ള പദ്ധതി ഏകദേശം പൂര്‍ത്തിയായി.
എന്നാല്‍ വാളിക്കോട് പാലം പുനര്‍നിര്‍മിക്കുന്നതിനായുള്ള സര്‍വേ നടന്നതല്ലാതെ തുടര്‍നടപടികളുണ്ടായില്ല. മുന്‍പ് കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചതിനെ തുടര്‍ന്നു പാലത്തിന്റെ കൈവരി തകര്‍ന്ന നിലയിലാണ്. കാലപ്പഴക്കം കൊണ്ട് ആര്‍ച്ചിന്റെ അടിഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ന്നു തുടങ്ങിയിട്ടുണ്ട്.
ഭാരം കയറ്റിയ വാഹനങ്ങള്‍ നിരനിരയായി സഞ്ചരിക്കുന്നത് പാലത്തിന് ബലക്ഷയം ഉണ്ടാക്കുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.
ഏറെ വാഹനത്തിരക്കുള്ള വാളിക്കോട് പാലം അടിയന്തിരമായി പുനര്‍നിര്‍മിക്കാന്‍ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."