HOME
DETAILS
MAL
നീരവ് മോദിയെ പിടിക്കാന്‍ മോദി സര്‍ക്കാരിന് താല്‍പ്പര്യമില്ല; രേഖകള്‍ ചോദിച്ചെങ്കിലും ഇന്ത്യ നല്‍കിയില്ലെന്ന് റിപ്പോര്‍ട്ട്
backup
March 11 2019 | 16:03 PM
ന്യൂഡല്‍ഹി: ആയിരക്കണക്കിനു കോടി രൂപ ബാങ്ക് വായ്പയെടുത്തു രാജ്യം വിട്ട സാമ്പത്തിക കുറ്റവാളി നീരവ് മോദിയെ പിടികൂടാന്‍ നരേന്ദ്രമോദി സര്‍ക്കാരിനു താല്‍പ്പര്യമുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. നീരവ് മോദിക്കെതിരെ നടപടിയെടുക്കുന്നതിനു മുന്നോടിയായി അദ്ദേഹമുള്‍പ്പെട്ട കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും ഇന്ത്യയുടെ ഭാഗത്തുനിന്നു യാതൊരു പ്രതികരണവും ഉണ്ടായില്ലെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്‌ചെയ്തു. നീരവ് മോദി വിഷയത്തില്‍ ഇടപെടാനായി മാത്രം ബ്രിട്ടനില്‍ നിന്നുള്ള നിയമവിദഗ്ധര്‍ ഇന്ത്യയിലെത്തി അന്വേഷണത്തില്‍ സഹകരിക്കാമെന്നു വാഗ്ദാനംചെയ്‌തെങ്കിലും ഇക്കാര്യത്തില്‍ അനുകൂല പ്രതികരണം ഉണ്ടായില്ലെന്നും ചാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദിക്കെതിരെ സി.ബി.ഐ കേസെടുത്തതിനു പിന്നാലെ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് ഈ വിഷയത്തില്‍ ആദ്യ മുന്നറിയിപ്പ് സന്ദേശം ഇന്ത്യ ബ്രിട്ടനിലേക്ക് അയച്ചത്. എന്നാല്‍, ഇതിന്റെ പേരില്‍ നീരവിനെതിരെ നടപടിയെടുക്കാന്‍ ബ്രിട്ടീഷ് അധികൃതര്‍ക്കു തെളിവുകളും രേഖകളും ആവശ്യമായിരുന്നു. നീരവിനെ അറസ്റ്റ്‌ചെയ്യാന്‍ തയ്യാറാണെന്ന സൂചനയോടെ അതിനുള്ള രേഖകളും ബ്രിട്ടണ്‍ ഇന്ത്യയോടാവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഒന്നിലധികം അപേക്ഷകളാണ് ഇന്ത്യക്കയച്ചത്. എന്നാല്‍, അതിനൊന്നും പ്രതികരണമുണ്ടായില്ലെന്നും ചാനല്‍ റിപ്പോര്‍ട്ട്‌ചെയ്തു.
നീരവ് മോദിയെ കൈമാറാനുള്ള അപേക്ഷയോട് ബ്രിട്ടന്റെ പ്രതികരണം കാത്തിരിക്കുകയാണെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം കള്ളമാണെന്നാണ് ഇതുതെളിയിക്കുന്നത്. നീരവ് മോദിയെ ലണ്ടനില്‍ കണ്ടെത്തിയതായുള്ള വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ പ്രതികരണം. 13,000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് മുങ്ങിയ നീരവ് മോദി പടിഞ്ഞാറന്‍ ലണ്ടനില്‍ ആഡംബര ജീവിതം നയിക്കുന്നതായി ബ്രിട്ടീഷ് മാധ്യമമായ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അദ്ദേഹം ലണ്ടനില്‍ എട്ട് മില്യണ്‍ പൗണ്ടിന്റെ പുതിയ ആഡംബര വില്ല പണിയുകയാണെന്നും ലണ്ടനിലെ സോഹോയില്‍ പുതിയ വജ്ര വ്യാപാരം ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."