പാനൂരില്‍ വിവാഹാഭാസം വീണ്ടും തലപൊക്കുന്നു
പാനൂര്‍: ഒരിടവേളക്ക് ശേഷം പാനൂര്‍ മേഖലയില്‍ വിവാഹാഭാസം വീണ്ടും തലപൊക്കുന്നു. വിവാഹവീട്ടിലെ ഇത്തരം പ്രവര്‍ത്തനം ചോദ്യംചെയ്ത സാമൂഹിക പ്രവര്‍ത്തകനെ ഒരുകൂട്ടം യുവാക്കള്‍ വീടുകയറി ആക്രമിച്ചു. തടയാന്‍ ശ്രമിച്ച ഭാര്യക്കും സഹോദരിമാര്‍ക്കും പരുക്കേറ്റു.
പാനൂരിനടുത്ത എലാങ്കോട്ടെ കരിയവീട്ടില് കെ.വി ഇസ്മാഈലി(48)നാണ് മര്‍ദനമേറ്റത്. പുത്തൂര്‍ മടപ്പുരക്ക് സമീപത്തെ ഈസ്റ്റ് എലാങ്കോട് ഇസ്മാഈലിന്റ ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ വരന്റെ കൂടെ പൂക്കോമിലെ വധുവിന്റെ വീട്ടിലെ ചടങ്ങുകള്‍ പ്രഹസനമാക്കാന്‍ ശ്രമിച്ചത് ഇസ്മാഈല്‍ തടഞ്ഞിരുന്നു. ഇവിടെനിന്ന് വിവാഹ ചടങ്ങുകള്‍ ബഹിഷ്കരിച്ച് മടങ്ങിയ സംഘം എലാങ്കോട്ടെ കല്യാണ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഇസ്മാഈലിനെ അക്രമിച്ചത്.
തടയാന്‍ ശ്രമിച്ച ഭാര്യ സഫീറ(40), സഹോദരിമാരായ സാജിത(35), സമീറ(30) എന്നിവര്‍ക്കും മര്‍ദനമേറ്റു. ഇസ്മാഈലിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ.എം.സി.സി നേതാവും മേഖലയിലെ സമാധാന സമിതി ചെയര്‍മാനുമാണ് ഇസ്മാഈല്‍. സംഭവത്തില്‍ പാനൂര്‍ പൊലിസ് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."