വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥിയുടെ ചിത്രം: തീരുമാനം എബിയുടെ ഇടപെടലില്‍
പാലാ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തൊട്ടാകെ വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം ചേര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനു പ്രചോദനമായത് പാലാ സ്വദേശിയുടെ നിവേദനം.
പാലായിലെ മഹാത്മാഗാന്ധി നാഷനല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസാണ് അപരരെ തടയാന്‍ വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം ചേര്‍ക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. ഇതു സംബന്ധിച്ചു 2013 ല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനു നിവേദനം നല്‍കുകയും ചെയ്തിരുന്നു.
അന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് ഉപകമ്മിഷനറായിരുന്ന എച്ച്.എസ് ബ്രഹ്മ എബിയുടെ നിര്‍ദേശത്തെ അഭിനന്ദിക്കുകയും പ്രാധാന്യത്തോടെ നടപടി സ്വീകരിക്കുമെന്ന് എബിക്ക് മറുപടി നല്‍കുകയുമുണ്ടായി. പിന്നീട് 2015ല്‍ എച്ച്.എസ് ബ്രഹ്മ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനറായപ്പോള്‍ ഈ നിര്‍ദേശം നടപ്പാക്കാന്‍ ഉത്തരവ് നല്‍കിയിരുന്നു.
കേരളത്തില്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം ചേര്‍ത്തായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്. വോട്ടര്‍ക്ക് സംശയമുണ്ടാകാത്ത വിധം തങ്ങള്‍ തെരഞ്ഞെടുക്കുന്ന ആളിനു വോട്ട്‌ചെയ്യാന്‍ സഹായിക്കുന്ന പരിഷ്‌ക്കാരമാണിത്. രാജ്യമൊട്ടാകെ വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥിയുടെ ചിത്രം ചേര്‍ക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്.
എതിര്‍ സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരേ പേരിലുള്ള അപരരെ മത്സരിപ്പിക്കാനുള്ള രാഷ്ട്രീയ കക്ഷികളുടെ ജനവിരുദ്ധ നിലപാടിനു ഈ തീരുമാനത്തിലൂടെ അവസാനമാകുമെന്ന് എബി ജെ. ജോസ് ചൂണ്ടിക്കാട്ടി. അപരര്‍ നേടുന്ന വോട്ടുകള്‍ കാരണം തോറ്റ സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ നിരവധിയാണ്. അധാര്‍മികമായ ഇത്തരം പ്രവണതകള്‍ ഒഴിവാക്കാന്‍ പുതിയ പരിഷ്‌കാരം വഴിതെളിക്കും. സാങ്കേതിക വിദ്യയുടെ ഇക്കാലത്ത് അധികച്ചെലവൊന്നുമില്ലാതെ ഫോട്ടോ തെരഞ്ഞെടുപ്പ് യന്ത്രത്തില്‍ ഉള്‍പ്പെടുത്താനാകുമെന്ന് അദ്ദേഹം പറയുന്നു.
ഇതോടൊപ്പം നിലവില്‍ എം.എല്‍.എ മാരായിരിക്കുന്നവര്‍ പാര്‍ലെമെന്റിലേക്കു മത്സരിക്കുന്നത് തടയുക, എം.എല്‍.എ മത്സരിക്കാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചാലുടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് മത്സരത്തില്‍ പരാജയപ്പെട്ട തൊട്ടടടുത്ത എതിര്‍ സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിച്ച് ഉപതെരഞ്ഞൈടുപ്പു മൂലമുണ്ടാകുന്ന പൊതു നഷ്ടം ഒഴിവാക്കുക, പ്രചാരണത്തിന്റെ അവസാന ഘട്ടത്തിനു മുമ്പ് മണ്ഡലത്തിലെ എല്ലായിടത്തും പ്രചാരണമെത്തിക്കാത്ത സ്ഥാനാര്‍ഥികളെ അയോഗ്യരാക്കുക, ഒരു സ്ഥാനാര്‍ഥിക്ക് അനുവദിക്കുന്ന തെരഞ്ഞെടുപ്പ് ആനുകൂല്യങ്ങളായ വാഹനപാസ്, പോളിങ് ഏജന്റ്, കൗണ്ടിങ് ഏജന്റ് മുതലായവ കൈമാറ്റം ചെയ്യുന്നതിനെതിരേ നടപടിയെടുക്കുക, ഒരാള്‍ ഒന്നിലധികം മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് തടയുക തുടങ്ങിയ മറ്റു നിര്‍ദേശങ്ങളും എബി തെരഞ്ഞെടുപ്പ് കമ്മിഷനു സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."