ജോലിസ്ഥലത്തെ മര്‍ദ്ദനം: പരാതിയുമായി എത്തിയ മലയാളിക്ക് ജീവകാരുണ്യ പ്രവര്‍ത്തകര്‍ തുണയായി
ദമാം: ജോലിസ്ഥലത്ത് സ്‌പോണ്‍സറുടെ മകന്റെ മര്‍ദ്ദനമേല്‍ക്കുന്നുവെന്ന പരാതിയുമായി സഹായം തേടിയ മലയാളി, ലേബര്‍ കോടതി വഴി നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. കോഴിക്കോട് കക്കോടിപ്പാലം സ്വദേശിയായ അഷറഫിനാണ് ഒടുവില്‍ ലേബര്‍ കോടതി തുണയായത്.
ഒന്നര വര്‍ഷം മുന്‍പാണ് ദമ്മാമിലെ ഒരു ഹോട്ടലില്‍ കുക്ക് ആയി അഷറഫ് ജോലിയ്‌ക്കെത്തിയത്. സുഗമമായ ജോലിക്കിടെ, വിദേശത്തു പഠിച്ചിരുന്ന സ്‌പോണ്‍സറുടെ മകന്‍ ഹോട്ടലിന്റെ ചുമതല ഏറ്റെടുത്തത് മുതലാണ് അഷറഫിന്റെ കഷ്ടകാലം തുടങ്ങിയത്.
നിസ്സാരകാര്യങ്ങളുടെ പേരില്‍ പോലും തന്നെയും മറ്റു ജോലിക്കാരെയും മര്‍ദ്ദിയ്ക്കുമായിരുന്നു എന്ന് അഷറഫ് പറഞ്ഞു. സ്‌പോണ്‍സര്‍ പറഞ്ഞാല്‍ പോലും അനുസരിയ്ക്കാത്ത മകന്റെ ഭരണത്തിനു കീഴില്‍ ആ ഹോട്ടലിലെ ജോലി നരകതുല്യമായപ്പോഴാണ് മറ്റു സുഹൃത്തുക്കള്‍ പറഞ്ഞതനുസരിച്ച് അഷറഫ് ജീവകാരുണ്യ പ്രവര്‍ത്തകരെ സമീപിച്ചത്.
തുടര്‍ന്ന് ലേബര്‍ കോടതിയില്‍ അഷറഫ് പരാതി നല്‍കി. ലേബര്‍ ഓഫീസറുടെ സാന്നിദ്ധ്യത്തില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ഷാജി മതിലകം അഷറഫിന്റെ സ്‌പോണ്‍സറുമായി ചര്‍ച്ച നടത്തി. അഷറഫിനെ ജോലിക്ക് നിര്‍ത്താനാണ് തനിക്ക് താത്പര്യം എന്നും മകനെ താന്‍ നിയന്ത്രിച്ചോളാം എന്നും സ്‌പോണ്‍സര്‍ പറഞ്ഞെങ്കിലും ആ ജോലിയില്‍ തുടരാന്‍ കഴിയില്ല എന്ന നിലപാടാണ് അഷറഫ് എടുത്തത്. തുടര്‍ന്ന് കടുത്ത തീരുമാനം മൂലം നാട്ടിലേക്ക് കയറ്റിവിടാന്‍ സ്‌പോണ്‍സര്‍ സന്നദ്ധമാവുകയായിരുന്നു. നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍ അഷറഫിന്റെ നാട്ടിലെ ബന്ധുക്കള്‍ വിമാനടിക്കറ്റ് അയച്ചു കൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."