തൃണമൂല്‍ സ്ഥാനാര്‍ഥികളില്‍ 41 ശതമാനം വനിതകള്‍
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പൊതുതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിപട്ടിക പ്രസിദ്ധീകരിച്ചു. ഇന്നലെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് 42 പേരുടെ പട്ടിക പുറത്തുവിട്ടത്. സ്ഥാനാര്‍ഥികളില്‍ 41 ശതമാനം വനിതകളാണെന്നും അവര്‍ അറിയിച്ചു.
പട്ടികയില്‍ ചില പുതുമുഖങ്ങളുണ്ട്. ചിലരെ ഒഴിവാക്കിയിട്ടുമുണ്ട്. കഴിഞ്ഞതവണ 35 ശതമാനം സ്ഥാനാര്‍ഥികളും സ്ത്രീകളായിരുന്നു.
നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നു പുറത്താക്കുന്നതിനായി എല്ലാ സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കേണ്ടതുണ്ടെന്ന് മമത പറഞ്ഞു.
ഇന്നലെ പുറത്തുവിട്ട പട്ടികയില്‍ നാലു ചലച്ചിത്രതാരങ്ങളുണ്ട്. ബംഗാളി ചലച്ചിത്ര താരങ്ങളായ നുസ്റത്ത് ജഹാന് (ബസിര്‍ഹട്ട്), മിമി ചക്രബര്‍ത്തി (ജാദവ്പൂര്‍), ശതാബ്ദി റോയ് (ഭിര്‍ഭൂം), ദീപക് അധികാരി (ഘട്ടാല്‍) എന്നിവരെ കൂടാതെ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ബോളിവുഡ് ഗായകന് ബാബുല്‍ സുപ്രിയോക്കെതിരേ അസനോളില്‍ മുതിര്‍ന്ന ബംഗാളി നടന് മൂണ്‍ മൂണ്‍ സെന്നും മത്സരിക്കും.
നരേന്ദ്രമോദി മത്സരിക്കുന്ന ഉത്തര്‍പ്രദേശിലെ വരാണസിയില്‍ അദ്ദേഹത്തിനെതിരേ പ്രചാരണം നടത്താനുള്ള താല്പര്യവും മമത അറിയിച്ചു.
നേരത്തെ മണ്ഡലത്തിലേക്ക് പ്രചാരണത്തിനായി ബി.എസ്.പിയും എസ്.പിയും മമതയെ ക്ഷണിച്ചിരുന്നു. ഇന്നലെ മാധ്യമങ്ങളുമായി സംസാരിക്കവെ ഇരുകക്ഷികളുടെയും ക്ഷണം സ്വീകരിക്കുകയായിരുന്നു അവര്‍. ഝാര്‍ഖണ്ഡ്, അസം, ഒഡീഷ, ബിഹാര്‍, ആന്തമാന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കുന്നുണ്ട്. ഇവിടെയുള്ള സ്ഥാനാര്‍ഥികളെ വൈകാതെ പ്രഖ്യാപിക്കുമെന്നും അവര്‍ അറിയിച്ചു.
ഝാര്‍ഖണ്ഡിലെ ഡാര്‍ജലിങ്ങില്‍ ജെ.എം.എമ്മിലെ ബിനേ തമാങ് വിഭാഗവുമായി തൃണമൂല്‍ സഖ്യം രൂപീകരിച്ചിട്ടുണ്ട്. ജെ.എം.എം മുന്‍ നേതാവ് അമര്‍ സിങ് റായ് അവിടെ തൃണമൂല്‍ ടിക്കറ്റില്‍ മത്സരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."