ഹൈക്കോടതിയില്‍ അഭിഭാഷകരുടെ തിരക്ക്; വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ്
കൊച്ചി: സാമൂഹികഅകലം പാലിക്കാതെ ഹൈക്കോടതിയില്‍ അഭിഭാഷകര്‍ കൂട്ടംകൂടി നിന്നത് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ജഡ്ജിമാരുടെ വിമര്‍ശനത്തിനിടയാക്കി. അഭിഭാഷകര്‍ കൂട്ടംകൂടി നിന്നതില്‍ കോടതി അതൃപ്തി അറിയിച്ചതിനെ തുടര്‍ന്ന് അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ലക്ഷ്മി നാരായണന്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു.
ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഫുള്‍ ബെഞ്ച് ഇന്നലെ സിറ്റിങ് നടത്തി. ഹൈക്കോടതിയിലെ എല്ലാ ബെഞ്ചുകളും പ്രവര്‍ത്തിച്ചെങ്കിലും കുറച്ച് കേസുകള്‍ മാത്രമാണ് പരിഗണിച്ചത്. ഓരോ കോടതി മുറികളിലേക്കും നിശ്ചിത എണ്ണം അഭിഭാഷകര്‍ക്കും ഗവ.പ്ലീഡര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമാണ് പ്രവേശനം അനുവദിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ലിസ്റ്റ് ചെയ്ത കേസുകള്‍ പരിഗണിച്ച് കോടതി പിരിഞ്ഞു. എട്ട് കോടതികളുടെ പ്രവര്‍ത്തനം വിഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് നടന്നത്. അഭിഭാഷകര്‍ക്കിടയിലും ഗുമസ്തന്‍മാര്‍ക്കിടയിലും സാമൂഹികഅകലം പാലിക്കുന്നതില്‍ തുടക്കത്തില്‍ വീഴ്ച സംഭവിച്ചിരുന്നു. അഡ്വക്കറ്റ് ജനറല്‍ ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചാല്‍ ജീവനക്കാരെല്ലാം എത്തുമെന്നും നിയന്ത്രണങ്ങള്‍ പാലിക്കുന്നത് പ്രായോഗികമല്ലെന്നും എ.ജി കോടതിയില്‍ ബോധിപ്പിച്ചു. കോടതിവിധികളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഓണ്‍ലൈനായും നേരിട്ടും ലഭ്യമാക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. പകര്‍പ്പുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."