ഗ്രാമകം നാടകോത്സവത്തിന് സമാപനം
എരുമപ്പെട്ടി: വേലൂരിന്റെ സ്വന്തം നാടക കൂട്ടായ്മയായ ഗ്രാമകം നാടകോത്സവത്തിന് സമാപനമായി.
മലയാള രംഗവേദിയുടെ സ്മരണകള്‍ ജനങ്ങള്‍ക്കിടയില്‍ ഒരുക്കാന്‍ വേലൂര്‍ ഇഫ് ക്രിയേഷന്‍സ് തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ഗ്രാമകം നാടകോത്സവം സംഘടിപ്പിച്ചത്. വേലൂര്‍ രാജാ സര്‍ രാമവര്‍മ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രതിഭകളായ അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് വേണ്ടി അഭിനയ പരിശീലന കളരിയും സംഘടിപ്പിച്ചിരുന്നു. ഏപ്രില്‍ ഏഴിന് വൈകിട്ട് 6.30ന് കലാമണ്ഡലം ഗോപിയാണ് നാടകോത്സവം ഉദ്ഘാടനം ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകമാര്‍ അധ്യക്ഷയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം 'അഭിനയ'യുടെ പാലങ്ങള്‍ എന്ന നാടകം അരങ്ങില്‍ അവതരിപ്പിച്ചു. എട്ടിന് തിരുവനന്തപുരം സൂര്യ അവതരിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം, ഒമ്പതിന് തൃശൂര്‍ നാടക സംഘത്തിന്റെ ചില്ലറ സമരം, 10 ന് തൃശൂര്‍ നാടക സൗഹ്യദത്തിന്റെ സത്യമേവ ജയതേ, 11 ന് വേലൂര്‍ ഇഫ് ക്രിയേഷന്‍സിന്റെ ഒരു നസ്രാണി യുവാവും ഗൗളി ശാസ്ത്രവും എന്നീ നാടകങ്ങളാണ് അരങ്ങേറിയത്. സമാപന സമ്മേളനം സിനിമാതാരവും കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണുമായ കെ.പി.എ.സി ലളിത ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍ അധ്യക്ഷനായി. വേലൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം അബ്ദുള്‍ റഷീദ്, ഗ്രാമകം സംഘാടക സമിതി ചെയര്‍മാന്‍ പി.ആര്‍ മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."