വീല്‍ചെയറിലിരുന്ന് അന്തര്‍ദേശീയ ബാസ്‌ക്കറ്റ് ബോളില്‍ ചരിത്രം കുറിച്ച് മൂന്ന് മലയാളി വനിതകള്‍
മട്ടാഞ്ചേരി: വീല്‍ചെയറിലിരിക്കുന്ന മൂന്ന് വനിതകള്‍ അന്തര്‍ദേശീയ ബാസ്‌ക്കറ്റ്‌ബോളിലെ ഇന്ത്യന്‍ കരുത്തായി മാറുകയാണ്. തണല്‍ പാലിയേറ്റീവ് ആന്റ് പാരാ പ്ലീജിക് കെയര്‍ പ്രവര്‍ത്തകരായ എറണാകുളം കൂത്താട്ടുകുളം സ്വദേശിനി സിനി സാജു, ഇടുക്കി സ്വദേശിനി അല്‍ഫോണ്‍സ തോമസ്, പാലക്കാട് സ്വദേശിനി നിഷ ഗോപാലകൃഷ്ണന്‍ എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് തായ് ലാന്റില്‍ നടക്കുന്ന അന്തര്‍ദേശീയ വീല്‍ചെയര്‍ ബാസ്‌ക്കറ്റ് ബോള്‍ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ പുറപ്പെടുന്നത്.
പത്തംഗ ഇന്ത്യന്‍ വനിതാ സംഘത്തില്‍ ഈ മൂന്നു മലയാളികളും, തമിഴ്‌നാട്ടിന്‍ നിന്നും നാലു പേരും, മഹാരാഷ്ട്ര, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ താരങ്ങളെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
കഴിഞ്ഞ നാലു വര്‍ഷങ്ങളായി കളമശ്ശേരി യില്‍ ഫാ: മാത്യു കിരായതന്റെ കീഴില്‍ ഇവര്‍ ബാസ്‌ക്കറ്റ് ബോള്‍ പരിശീലിച്ചു വരികയാണ്.കളി സാധാരണ ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടിലാണെങ്കിലും പ്രത്യേകവീല്‍ചെയറിലിരുന്നാണ് ഇവര്‍ കളിക്കുന്നത്.
പന്ത് കുട്ടയിലാക്കുവാന്‍ ശ്രമിക്കുമ്പോള്‍ തന്നെ വേഗതയാര്‍ന്ന ഈ വീല്‍ ചെയറിന്റെ നിയന്ത്രണവും യോജിപ്പിച്ചു കൊണ്ടു പോകണമെന്നതാണ് പ്രത്യേകത.ഒരു സമയം അഞ്ചു പേര്‍ കളിക്കളത്തിലിറങ്ങുമ്പോള്‍ രണ്ട് പേര്‍ റിസര്‍വായി നിലകൊള്ളുന്നതാണ് കളിയുടെ രീതി.സിനിയും, അല്‍ഫോണ്‍സയും ബാല്യത്തില്‍ പോളിയോ ബാധിച്ചതിനെ തുടര്‍ന്നാണ് വീല്‍ ചെയറിലായത്.ഇരുവരും വിവാഹിതരാണ്.
സിനി രണ്ടു മക്കളുടെ മാതാവ് കൂടിയാണ്. 12 വര്‍ഷം മുന്‍പ് കിണറ്റില്‍ വീണതിനെ തുടര്‍ന്നാണ് മുപ്പത് കാരിയായ നിഷ വീല്‍ചെയറിലായത്.
ഇന്ത്യയെ പ്രതിനിധികരിക്കുന്ന മൂന്നു പേര്‍ക്കും തണല്‍ പാരാ പ്ലീജിക് കെയറിന്റെ ഉപഹാരം രക്ഷാധികാരി കെ.കെ.ബഷീര്‍ സമ്മാനിച്ചു.ജില്ലാ കണ്‍വീനര്‍ രാജീവ് പള്ളുരുത്തി, ജില്ലാ കമ്മിറ്റിയംഗങ്ങളായ മണി ശര്‍മ ,ദീപാ മണി, ജബ്ബാര്‍ പളളുരുത്തി എന്നിവര്‍ പൊന്നാടയണിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."