കേരളാ കോണ്‍ഗ്രസ് എമ്മിനെതിരേ യു.ഡി.എഫിലും പടയൊരുക്കം
#എം. ഷഹീര്‍
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി.ജെ ജോസഫിന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് എമ്മിനെതിരേ യു.ഡി.എഫിലും പടയൊരുക്കം. പാര്‍ട്ടിക്കുള്ളില്‍ ജോസഫ് വിഭാഗം ശക്തമായ എതിര്‍പ്പുമായി രംഗത്തിറങ്ങിയതിനുപുറമെ യു.ഡി.എഫിന് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ് തന്നെ മാണിക്കെതിരേ രംഗത്തുവന്നിരിക്കുകയാണ്.
ഇന്നലെ നടന്ന കോട്ടയം നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് എതിര്‍പ്പ് മറനീക്കി പുറത്തുവന്നത്. കേരളാ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയം ഹിതകരമാകാതെ വന്നതോടെ ഇന്നലെ ചേരാനിരുന്ന ഡി.സി.സി യോഗം മാറ്റിവച്ചിരുന്നു. എന്നാല്‍ പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കോട്ടയം നിയോജക മണ്ഡലത്തിലെ ഡി.സി.സി ഭാരവാഹികള്‍, രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാര്‍, എട്ട് മണ്ഡലം പ്രസിഡന്റുമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് തര്‍ക്കമുയര്‍ന്നത്.
മുതിര്‍ന്ന നേതാക്കള്‍ മുന്നണി മര്യാദയും പാര്‍ട്ടി അച്ചടക്കവും ചൂണ്ടിക്കാട്ടി എതിര്‍പ്പ് പ്രകടിപ്പിപ്പിച്ചില്ലെങ്കിലും തോമസ് ചാഴിക്കാടനെ കോട്ടയത്തെ സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ലെന്ന് ഒരുവിഭാഗം നേതാക്കള്‍ വ്യക്തമാക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ തനിക്കുണ്ടായ പരാജയത്തിന് കാരണം കോണ്‍ഗ്രസാണെന്ന് തോമസ് ചാഴിക്കാടന്‍ പരസ്യമായി പ്രതികരിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം.
സാധാരണ പ്രവര്‍ത്തകര്‍ക്ക് അസംതൃപ്തിയുള്ള ഒരാളെ ഇത്തരം സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിലുള്ള വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു. ഇത് ബഹളത്തിലേക്ക് നീങ്ങുന്ന സാഹചര്യം ഉണ്ടായതോടെ യോഗം അവസാനിപ്പിച്ചു. തുടര്‍ന്ന് യോഗം ഉടന്‍ പിരിച്ചുവിട്ടു.
എന്നാല്‍, ഘടകകക്ഷികള്‍ തീരുമാനിക്കുന്ന സ്ഥാനാര്‍ഥിയെ ചോദ്യംചെയ്യാന്‍ മുന്നണി മര്യാദ അനുവദിക്കുന്നില്ലെന്നും അവര്‍ ആരെ സ്ഥാനാര്‍ഥിയാക്കിയാലും വിജയിപ്പിക്കുകയാണ് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം അട്ടിമറിച്ചതും ലോക്‌സഭാംഗത്വം രാജിവച്ച ജോസ്. കെ. മാണിക്ക് രാജ്യസഭാംഗത്വം കാര്യമായ ചര്‍ച്ചകള്‍ കൂടാതെ നല്‍കിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസിനുള്ളിലെ അമര്‍ഷം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇത്തരം നീറുന്ന പ്രശ്‌നങ്ങള്‍ക്കുപുറമെ ഏകപക്ഷീയമായി ജയസാധ്യതപോലും നോക്കാതെ ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കിയത് കോണ്‍ഗ്രസിനുള്ളില്‍ കൂടുതല്‍ പ്രതിഷേധമുയര്‍ത്തുകയായിരുന്നു.
ജോസ് കെ. മാണിയുടെ ഏകാധിപത്യപരമായ നടപടിയെയാണ് കൂടുതല്‍ പേരും ചോദ്യംചെയ്യുന്നത്. വരുംദിവസങ്ങളില്‍ കോണ്‍ഗ്രസിനുള്ളില്‍ പുകയുന്ന അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തുവരാനും സാധ്യതയുണ്ട്. ലോക്‌സഭാ സീറ്റ് ജയസാധ്യത കുറഞ്ഞയാള്‍ക്ക് നല്‍കി മുന്നണിക്ക് സീറ്റ് നഷ്ടപ്പെടുത്തുന്നുവെന്ന അഭിപ്രായം യു.ഡി.എഫിലെ മറ്റ് ഘടകകക്ഷികള്‍ക്കുമുണ്ട്. എന്നാല്‍ പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ മറ്റു ഘടകകക്ഷികള്‍ തയാറാകില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഇത്തരം അസ്വാരസ്യങ്ങള്‍ എങ്ങനെ സ്വാധീനിക്കുമെന്നത് സംബന്ധിച്ച് മുന്നണി നേതൃത്വത്തിന് ആശങ്കയുണ്ട്.
അതിനിടെ, കെ.എം മാണിയെ സന്ദര്‍ശിച്ച് തോമസ് ചാഴിക്കാടന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു. ചാഴിക്കാടന്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും പാര്‍ട്ടിക്കുള്ളില്‍ ഭിന്നതകളില്ലെന്നും മാണി പറഞ്ഞു. പി.ജെ ജോസഫിനെ താന്‍ നേരിട്ടുകാണുമെന്നും ഭിന്നതകളെല്ലാം പരിഹരിക്കുമെന്നുമാണ് തോമസ് ചാഴിക്കാടന്‍ പറഞ്ഞത്.കേരളാ കോണ്‍ഗ്രസ് പാര്‍ലമെന്ററി കമ്മിറ്റി യോഗത്തിലെടുത്ത തീരുമാനത്തിന് വിരുദ്ധമായാണ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതെന്ന് ഇന്നലെ മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു. പാര്‍ട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ പി.ജെ ജോസഫിന്റെ പേരാണ് പരിഗണിച്ചിരുന്നത്. പാര്‍ട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട ബോര്‍ഡാണിത്. പാര്‍ട്ടി ചെയര്‍മാനെ അതിന് ചുമലതപ്പെടുത്തുകയും ചെയ്തു. അതിനുമുകളില്‍ ഏത് സമിതിയാണ് ഉള്ളതെന്ന് അറിയില്ല. പി.ജെ ജോസഫ് പറഞ്ഞതേ തനിക്കും പറയാനുള്ളൂ. യു.ഡി.എഫ് നേതാക്കള്‍ ഡല്‍ഹിയില്‍നിന്ന് തിരിച്ചുവന്നാലുടന്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോന്‍സ് ജോസഫ് പറഞ്ഞു.
പാര്‍ട്ടി ചെയര്‍മാന്‍ കോട്ടയത്തെ സ്ഥാനാര്‍ഥിയായി തോമസ് ചാഴിക്കാടനെ നിര്‍ദേശിക്കുകയും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ കൂടുതലായി തനിക്കൊന്നും പറയാനില്ലെന്നായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം.
മുന്നണിയിലെയും പാര്‍ട്ടിയിലെയും എതിര്‍പ്പുകള്‍ പരിഹരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം ശരിയായ പാതയിലാക്കുകയെന്ന വലിയ വെല്ലുവിളിയാണ് മാണിക്ക് മുന്നിലുള്ളത്. ഇതിന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും മറ്റു ഘടകകക്ഷികളുടെയും പിന്തുണ എത്രത്തോളം കെ.എം മാണിക്ക് ലഭിക്കുമെന്നതും പ്രധാനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."