നിയന്ത്രണംവിട്ട ബൈക്ക് ലോറിക്കടിയില്‍പെട്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
പാലോട്: ബന്ധുവിന്റെ വിവാഹത്തിന് പൂക്കള്‍ വാങ്ങാന്‍ പോകവേ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ലോറിക്കടിയില്‍ വീണ് യുവാക്കള്‍ ചതഞ്ഞ് മരിച്ചു. ഭരതന്നൂര്‍ പുളിക്കരക്കുന്ന് പി.എസ് ഭവനില്‍ പ്രണവ് (23), പ്രിജി വിലാസത്തില്‍ സച്ചിന്‍ (19) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളും അയല്‍വാസികളുമാണ്. ഞായറാഴ്ച രാവിലെ ഏഴോടെ ചെങ്കോട്ട തിരുവനന്തപുരം ഹൈവേയില്‍ നന്ദിയോട് ജങ്ഷനിലാണ് അപകടമുണ്ടായത്. പ്രണവിന്റെ പിതൃസഹോദരപുത്രന്‍ മിഥുന്റെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെ ആവശ്യമായ പൂക്കള്‍ വാങ്ങാന്‍ ചാലയിലേക്ക് പോവുകയായിരുന്നു ഇരുവരും.
മിഥുന്റെ മാതൃസഹോദരിയുടെ മകളുടെ മകനാണ് സച്ചിന്‍. റോഡില്‍ ചത്തു കിടന്ന പൂച്ചയുടെ ദേഹത്ത് കയറാതിരിക്കാന്‍ വെട്ടി ഒഴിച്ചപ്പോള്‍ നിയന്ത്രണം വിട്ട ബൈക്ക് റോഡ് വശത്തേക്ക് തെന്നി മറിഞ്ഞു. യുവാക്കള്‍ എതിരേ വരികയായിരുന്ന തമിഴ് നാട് രജിസ്‌ട്രേഷന്‍ ചരക്ക് ലോറിയുടെ അടിയിലേക്ക് തെറിച്ച് വീണു. ലോറി ഡ്രൈവര്‍ ഉടന്‍ ബ്രേക്കിട്ടെങ്കിലും ടയറുകള്‍ ദേഹത്ത് കയറിയിറങ്ങി യുവാക്കള്‍ തല്‍ക്ഷണം മരിച്ചു.
മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹങ്ങള്‍ വൈകിട്ട് വിലാപയാത്രയായി വീട്ടിലെത്തിച്ചു.
പുളിക്കര കുന്നിലെ പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പ്രസാദ്, സുനിത ദമ്പതികളുടെ മകനാണ് പ്രണവ്. സഹോദരന്‍: പ്രശാന്ത്.സുഭാഷ്, പ്രിജി ദമ്പതികളുടെ മകനാണ് സച്ചിന്‍. സഹോദരന്‍: ഷാരോണ്‍. പ്രണവ് ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയും സച്ചിന്‍ യൂനിറ്റ് അംഗവുമാണ്. ഇരുവരുടെയും കണ്ണുകള്‍ ദാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."