ജെസ്‌നയുടെ തിരോധാനം: അന്വേഷണം ആവശ്യപ്പെട്ട ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി
കൊച്ചി: പത്തനംതിട്ടയിലെ കോളജ് വിദ്യാര്‍ഥിനി ജെസ്‌നയെ കാണാതായ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട ഹരജി ഹൈക്കോടതി വിധി പറയാനായി മാറ്റി. ഇന്നലെ ഹരജി പരിഗണിക്കവെ അന്വേഷണം ഊര്‍ജിതമാക്കാന്‍ കോടതി മുഖേന ബദല്‍ മാര്‍ഗം തേടുന്നതിന് പകരം ഹേബിയസ് ഹരജി നല്‍കിയതെന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു.
ജെസ്‌നയെ കാണാതായ സംഭവത്തില്‍ ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കാന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെന്ന് പൊലിസ് ഹൈക്കോടതിയില്‍ അറിയിച്ചു. ജെസ്‌നയെ സംബന്ധിച്ച് ഇനിയും വ്യക്തമായ വിവരം ലഭിക്കാത്ത അവസരത്തിലാണ് ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ജെസ്‌നയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ജെയ്‌സ് ജോണ്‍ നല്‍കിയ ഹരജിയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല ഡിവൈ.എസ്.പി ആര്‍. ചന്ദ്രശേഖര പിള്ള ഇക്കാര്യം വ്യക്തമാക്കി സ്റ്റേറ്റ്‌മെന്റ് നല്‍കിയത്.
കേസുമായി ബന്ധപ്പെട്ട് 250 പേരെ ചോദ്യം ചെയ്തിട്ടുണ്ട്. 130 പേരുടെ മൊഴികള്‍ രേഖപ്പെടുത്തി. ജെസ്‌നയുടെ പിതാവിന്റെ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ അന്യ സംസ്ഥാന ജോലിക്കാരെ ചോദ്യം ചെയ്യുകയും ഒരു ലക്ഷത്തോളം ഫോണ്‍ കോളുകള്‍ പരിശോധിക്കുകയും ചെയ്തു. മുണ്ടക്കയം, പുഞ്ചവയല്‍ തുടങ്ങിയ സമീപ പ്രദേശങ്ങളിലെ ആളില്ലാവീടുകളില്‍ പരിശോധന നടത്തി. ബന്ധുക്കള്‍, അധ്യാപകര്‍, സുഹൃത്തുക്കള്‍, അയല്‍വാസികള്‍ എന്നിവരെ ചോദ്യം ചെയ്തു. ജെസ്‌നയുടെ മൊബൈല്‍, ഡയറി എന്നിവ പരിശോധിച്ചു. പരുന്തുംപാറ വന മേഖലയിലും ബംഗളൂരു, തമിഴ്‌നാട് എന്നിവിടങ്ങളിലും അന്വേഷണം നടത്തുകയും ചെയ്തു. ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ 100 അംഗ അന്വേഷണ സംഘമാണ് നിലവിലുള്ളത്.
ജെസ്‌നയുടെ കോളജിലുള്‍പ്പെടെ 11 സ്ഥലങ്ങളില്‍ വിവരശേഖരണ പെട്ടികള്‍ സ്ഥാപിച്ചെന്നും പിതാവിന്റെ കണ്‍സ്ട്രക്ഷന്‍ സൈറ്റിലും കരിങ്കല്‍ ക്വാറികളിലും അന്വേഷണം നടത്തിയെന്നും ഇവയൊന്നും ഫലപ്രദമായില്ലെന്നും പറയുന്നു.
ജെസ്‌നയുടെ കുടുംബം നേരിടുന്ന വിഷമത്തില്‍ പങ്കു ചേരുന്നെന്നും ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു. ജെസ്‌നയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാര്‍ച്ച് 23 നാണ് പിതാവ് പൊലിസില്‍ പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."