അനായാസം ഉറുഗ്വെ
മോസ്‌കോ: ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം കഴിഞ്ഞപ്പോള്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി ഉറുഗ്വെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. റഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഉറുഗ്വെ ഗ്രൂപ്പ് ചാംപ്യന്‍മാരായത്. 9 പോയിന്റാണ് ഉറുഗ്വെ നേടിയത്. തുടര്‍ച്ചയായി രണ്ട് മത്സരത്തില്‍ ജയിച്ച റഷ്യയും ഉറുഗ്വെയും തമ്മില്‍ മികച്ച മത്സരമായിരുന്നു പുറത്തെടുത്തത്. തുടക്കം മുതല്‍ തന്നെ റഷ്യക്ക് പിഴവിന്റെതായിരുന്നു. പത്താം മിനുട്ടില്‍ ഉറുഗ്വെ താരത്തെ ഡി ബോക്‌സില്‍ വീഴ്ത്തിയതിന് അനുവദിച്ച ഫ്രീകിക്കില്‍ നിന്നായിരുന്നു ഉറുഗ്വെയുടെ ആദ്യ ഗോള്‍ പിറന്നത്.
ഡി ബോക്‌സില്‍ നിന്ന് കിക്കെടുത്ത ലൂയിസ് സുവാരസ് ഗ്രൗണ്ട് ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ച് സ്‌കോര്‍ ബോര്‍ഡ് 1-0 മാക്കി. റഷ്യന്‍ പോസ്റ്റിന് മുന്നില്‍ താരങ്ങള്‍ മതില്‍കെട്ടിയെങ്കിലും റഷ്യക്ക് ഗോളിനെ തടുക്കാനായില്ല. 23-ാം മിനുട്ടില്‍ ചെറിഷേവിന്റെ കാലില്‍ തട്ടി പന്ത് സ്വന്തം പോസ്റ്റിലേക്ക് പോയതോടെ ഉറുഗ്വെ രണ്ട് ഗോളിന്റെ വ്യക്തമായ ലീഡ് നേടി.
ബോക്‌സിന്റെ ഇടത് മൂലയില്‍ നിന്ന് ഉറുഗ്വെ താരം അടിച്ച പന്ത് റഷ്യന്‍ താരം ചെറിഷേവിന്റെ കാലില്‍ തട്ടി സ്വന്തം പോസ്റ്റില്‍ കയറുകയായിരുന്നു. 36-ാം മിനുട്ടില്‍ റഷ്യന്‍ പ്രതിരോധ താരം സ്‌മോളിങ്കോവിന് ചുവപ്പ് കാര്‍ഡ് പുറത്ത് പോകേണ്ടി വന്നു. രണ്ട് മഞ്ഞക്കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്നാണ് താരത്തെ റഫറി കളിയില്‍ നിന്ന് പുറത്താക്കിയത്. 10 പേരായി ചുരുങ്ങിയ സമയത്ത് ഉറുഗ്വെക്ക് അവസരം മുതലെടുക്കാനായില്ല.
അക്രമത്തില്‍ നിന്ന് വലിഞ്ഞ് പ്രതിരോധത്തില്‍ നിലയുറപ്പിച്ചു. രണ്ടാം പകുതിക്ക് ശേഷം ഉറുഗ്വെ റഷ്യന്‍ ഗോള്‍കീപ്പര്‍ അഗിന്‍ഫീവിനെ പരീക്ഷിച്ചുകൊണ്ടേയിരുന്നു. പക്ഷെ പ്രതിരോധത്തിന്റെ ശക്തികൂട്ടിയതിനാല്‍ കൂടുതല്‍ ഗോള്‍വീഴാതെ റഷ്യ രക്ഷപ്പെട്ടു. പക്ഷെ 90-ാം മിനുട്ടില്‍ എഡിസണ്‍ കവാനി റഷ്യക്കുമേല്‍ അവസാനത്തെ ആണിയും അടിച്ചു. കോര്‍ണര്‍ കിക്കില്‍ നിന്ന് ഉയര്‍ന്നു വന്ന പന്തിനെ ഉറുഗ്വെ താരം ഹെഡ് ചെയ്ത് പോസ്റ്റിലേക്കിട്ടു. പക്ഷെ റഷ്യന്‍ കീപ്പര്‍ അഗിന്‍ഫീവ് പന്ത് തട്ടിയകറ്റി. റീ ബോണ്ട് വന്ന പന്തിനെ ഒറ്റ ടച്ചിലൂടെ പന്ത് വലയിലാക്കി കവാനി ഉറുഗ്വെക്ക് മൂന്ന് ഗോളിന്റെ ജയം സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."