അര്‍ജന്റീനയുടെ ഭാവി ഇന്നറിയാം
സെന്റ്പീറ്റേഴ്സ്ബര്‍ഗ്: തുലാസില്‍ കഴിയുന്ന അര്‍ജന്റീനയുടെ ഭാവി ഇന്നറിയാം. ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തര്‍ നൈജീരിയയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 11.30നാണ് മത്സരം.
രണ്ട് മത്സരങ്ങളില്‍നിന്ന് ഒരു സമനിലയും ഒരു തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ് അര്‍ജന്റീന. രണ്ട് മത്സരങ്ങളില്‍നിന്ന് തന്നെ ഒരു ജയവും തോല്‍വിയുമായി മൂന്ന് പോയിന്റുള്ള നൈജീരിയ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരാണ്. ലോകകപ്പില്‍ ഇത് അഞ്ചാം തവണയാണ് അര്‍ജന്റീനയും നൈജീരിയയും ഒരേ ഗ്രൂപ്പില്‍ വരുന്നത്. കഴിഞ്ഞ നാല് ലോകകപ്പുകളിലും ഒരു ഗോളിന്റെ വ്യത്യാസത്തിലാണ് നൈജീരിയ പരാജയപ്പെട്ടത്. 2017ല്‍ അവസാനം നടന്ന സൗഹൃദ മത്സരത്തില്‍ നൈജീരിയ 4-2ന് അര്‍ജന്റീനയെ തോല്പിച്ചിരുന്നു.
ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഐസ്ലന്റിനോട് സമനില വഴങ്ങിയ അര്‍ജന്റീന രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയോട് മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. 3-5-2 എന്ന ഫോര്‍മേഷനില്‍ കളിക്കുന്ന നൈജീരിയയെ സാംപോളിയുടെ കീഴിലെത്തുന്ന അര്‍ജന്റീന ഏത് ഫോര്‍മേഷനില്‍ നേരിടുമെന്നത് വ്യക്തമല്ല. ഐസ്ലന്റിനെതിരേ 4-2-3-1 എന്ന ഫോര്‍മേഷനില്‍ ഇറങ്ങിയ അര്‍ജന്റീനയെ ക്രൊയേഷ്യക്കെതിരേയുള്ള മത്സരത്തില്‍ 3-4-2-1 എന്ന ഫോര്‍മേഷനിലാണ് സാംപോളി വിന്യസിച്ചത്. ഇന്നത്തെ മത്സരത്തില്‍ നൈജീരിയയെ നല്ല മാര്‍ജിനില്‍ പരാജയപ്പെടുത്തുന്നതോടൊപ്പം ക്രൊയേഷ്യ ഐസ്ലന്റിനെ പരാജയപ്പെടുത്തിയാല്‍ മാത്രമേ അര്‍ജന്റീനക്ക് അടുത്ത റൗണ്ടിലെത്താനാവൂ. സൂപ്പര്‍ താരം ലയണല്‍ മെസ്സിയും ഗോള്‍കീപ്പര്‍ കബല്ലീറോയും ഫോം കണ്ടെത്താത്തത് അര്‍ജന്റീനക്ക് തിരിച്ചടിയാണ്. നൈജീരിയന്‍ നിരയില്‍ വിക്ടര്‍ മോസസും അലക്സ് ഇവോബിയും മൂസ്സയും മികച്ച ഫോമിലാണ്. നിര്‍ണായക പോരാട്ടമായതിനാല്‍ മത്സരം കടുക്കും. മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യ ഐസ്ലന്റിനെ നേരിടും. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ക്രൊയേഷ്യക്കാണ് മുന്‍തൂക്കമെങ്കിലും പ്രീക്വാര്‍ട്ടര്‍ സാധ്യതയുള്ള ഐസ്ലന്റ് മികച്ച പ്രകടനം കാഴ്ചവക്കാന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."