സാമ്പത്തിക പ്രതിസന്ധിക്കിടയിലും തിരൂരില്‍ വിഷുവിപണി സജീവം
തിരൂര്‍: സാമ്പത്തിക പ്രതിസന്ധിയ്ക്കും കനത്ത വേനലിലെ കൊടും ചൂടിനും ഇടയിലും തിരൂരില്‍ വിഷു വിപണി സജീവം. തിരൂര്‍ മാര്‍ക്കറ്റില്‍ പഴം-പച്ചക്കറി കടകളില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. വസ്ത്ര വ്യാപാര മേഖലയിലാണ് ഏറ്റവും തിരക്ക്. വിഷുവിന് ഓണക്കോടിയും സഭ്യവട്ടങ്ങളും വാങ്ങാനുള്ള തിരക്ക് നഗരത്തില്‍ ഗതാഗതകുരുക്കും രൂക്ഷമാക്കിയിരിക്കുകയാണ്. തമിഴ്‌നാട് അടക്കമുള്ള അന്യസംസ്ഥാനങ്ങളില്‍ നിന്ന് പഴങ്ങളും പച്ചക്കറികളും മത്സ്യ-മാംസാദികളും എത്തുന്ന തിരൂര്‍ മാര്‍ക്കറ്റിലേക്ക് റീട്ടെയില്‍ വ്യാപാരികളും പൊതുജനങ്ങളും നേരിട്ടെത്തുന്നത് വര്‍ധിച്ചതോടെ തിരക്കും കുത്തനെ കൂടി. വിഷുവിന് പ്രധാനഇനമായ നേന്ത്രപ്പഴ വിപണിയിലും കച്ചവടം പൊടിപൊടിക്കുകയാണ്. ജലക്ഷാമത്തെ തുടര്‍ന്നുണ്ടായ കൃഷി തകര്‍ച്ചയും വേനല്‍ ചൂടില്‍ പഴം-പച്ചക്കറി ഇനങ്ങള്‍ വളരെ വേഗം കേടുവരുന്നതും കാരണം വിലയില്‍ വര്‍ധനവുണ്ട്. എന്നിരുന്നാലും വിഷു ആഘോഷത്തിന്റെ പൊലിമ കെടാതിരിക്കാന്‍ ആവുന്നതെല്ലാം വാങ്ങുകയാണ് ജനങ്ങള്‍. പടക്ക കച്ചവടം ഇക്കുറി പേരിന് മാത്രമാണെന്നുള്ളതാണ് പ്രത്യേകത. പരവൂര്‍ വെടിക്കെട്ട് ദുരന്തത്തെ തുടര്‍ന്നുള്ള കര്‍ശന നിബന്ധനകളും നിയന്ത്രണങ്ങളുമാണ് പടക്ക വിപണിയ്ക്ക് തിരിച്ചടിയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."