കേരളം പ്രവാസികളുടെ കൂടി നാടാണ്; കുപ്രചരണങ്ങളില്‍ വീഴരുത്: മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശത്തുനിന്ന് വരുന്നവരെല്ലാം രോഗവാഹകരോ മാറ്റി നിര്‍ത്തപ്പെടേണ്ടവരോ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അങ്ങനെ ആക്കിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ഇത്തരം കുപ്രചാരങ്ങളില്‍ ജനം വീണുപോവരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുതായി രോഗബാധയുണ്ടായത് പുറത്തുനിന്നും വന്നവര്‍ക്കാണെന്ന് താന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ചില കേന്ദ്രങ്ങള്‍ തെറ്റായ വ്യാഖ്യാനം നല്കി പ്രചരിപ്പിച്ചു.
അവര്‍ക്കു വരാന്‍ അവകാശപ്പെട്ട മണ്ണിലേക്കാണു വരുന്നത്. അവരെ സംരക്ഷിക്കണം. ഒപ്പം ഇവിടെയുള്ളവര്‍ സുരക്ഷിതരായിരിക്കണം. സംസ്ഥാന അതിര്‍ത്തിയില്‍ നിയന്ത്രണമില്ലാതെ വന്നാല്‍ റെഡ് സോണുകളില്‍നിന്നു വരുന്നവര്‍ അടുത്തിടപഴകിയാല്‍ ഇന്നത്തെ കാലത്ത് വലിയ അപകടമാണ്. അതുകൊണ്ടാണ് വാളയാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കേണ്ടിവന്നത്. ഇതിന് മറ്റൊരു അര്‍ഥം വരുത്തേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പുറത്തുനിന്നു വരുന്നവരില്‍ മഹാഭൂരിപക്ഷവും രോഗബാധയില്ലാത്തവരാണ്. എന്നാല്‍ ചിലര്‍ രോഗവാഹകരാണ്. ഇവരെ തിരിച്ചറിയണമെങ്കില്‍ കര്‍ക്കശമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടിവരും. അത് അവരുടെ രക്ഷയ്ക്കും ഇവിടെയുള്ളവരുടെ സുരക്ഷയ്ക്കും ഒഴിച്ചുകൂടാത്തതാണ്. കുപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്ക് വേറെ ഉദ്ദേശമാണ്. അത്തരം കുപ്രചരണങ്ങളില്‍ ജനങ്ങള്‍ കുടുങ്ങാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."