സാംപിള്‍ സര്‍വേ റിപ്പോര്‍ട്ട് പൂഴ്ത്തിയതിനു പിന്നാലെ 'മുദ്ര'യിലൂടെ ജോലിലഭിച്ചവരുടെ കണക്കും പുറംലോകം കണ്ടില്ല, തെരഞ്ഞെടുപ്പു കഴിഞ്ഞ് പുറത്തുവിട്ടാല്‍ മതിയെന്നു തീരുമാനം
ന്യൂഡല്‍ഹി: തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെ ഏറ്റവും കൂടിയനിലയിലാണെന്നു വ്യക്തമാക്കുന്ന നാഷനല്‍ സാംപിള്‍ സര്‍വേയുടെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പൂഴ്ത്തിവച്ചതിനു പിന്നാലെ 'മുദ്ര' പദ്ധതിപ്രകാരം എത്ര പേര്‍ക്കു തൊഴില്‍ ലഭിച്ചെന്ന കണക്കും പുറംലോകം കണ്ടില്ല. ചെറുകിട- ഇടത്തരം സംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ബി.ജെ.പി സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ചു തുടങ്ങിയ മൈക്രോ യൂണിറ്റ്‌സ് ഡവലപ്‌മെന്റ് റീഫിനാന്‍സ് ഏജന്‍സി എന്ന മുദ്ര പദ്ധതിക്കു കീഴില്‍ സൃഷ്ടിച്ച തൊഴിലവസരങ്ങള്‍ സംബന്ധിച്ച ലേബര്‍ ബ്യൂറോയാണ് സര്‍വേ നടത്തിയത്. എന്നാല്‍, പൊതുതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ രണ്ടുമാസത്തേക്ക് കണക്കുകള്‍ പുറത്തുവിടേണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്‌ചെയ്തു. മുദ്ര പദ്ധതിക്കു കീഴില്‍ എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്ന കണക്ക് തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ പുറത്തുവിടൂവെന്നും ലേബര്‍ ബ്യൂറോയുടെ സര്‍വേ രീതികളില്‍ അപാകതകളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണിതെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട്‌ചെയ്തു.
2015ല്‍ പദ്ധതി ആരംഭിച്ചതുമുതല്‍ 2019 ജനുവരി 18 വരെ 7.46 ലക്ഷം കോടി രൂപയുടെ വായ്പ അനുവദിച്ചെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. 15.55 കോടി അപേക്ഷകള്‍ തീര്‍പ്പാക്കി. പുതിയ സംരംഭകര്‍ക്കായി 2.96 ലക്ഷം കോടി രൂപ ലോണ്‍ അനുവദിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. മുദ്ര പദ്ധതി പ്രകാരം ചെറുകിട യൂണിറ്റുകള്‍ ആരംഭിക്കാന്‍ പരമാവധി 10 ലക്ഷം വരെ നല്‍കാം. എന്നാല്‍, ലക്ഷക്കണക്കിനു കോടി രൂപ വായ്പ നല്‍കിയെന്നു സര്‍ക്കാര്‍ പറയുന്ന ഈ പദ്ധതി പ്രകാരം എത്രയാളുകള്‍ക്കു ജോലി ലഭിച്ചെന്ന കണക്കാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ പൂഴ്ത്തിവച്ചിരിക്കുന്നത്. മുദ്ര പദ്ധതിയിലൂടെ പണം നല്‍കുക വഴി എത്ര തൊഴിലവസരങ്ങള്‍ നിര്‍മിക്കാനായി എന്നതു സംബന്ധിച്ചുള്ള വിവരാവകാശപ്രകാരമുള്ള അപേക്ഷ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ നിരസിച്ചിരുന്നു.
മുദ്ര പദ്ധതി ഗുണംചെയ്തില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത് തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനു തിരിച്ചടിയാവും. ഇക്കാരണത്താലാണ് റിപ്പോര്‍ട്ട് പുറത്തുവിടാതെ തടഞ്ഞുവച്ചിരിക്കുന്നതെന്നാണ് സൂചന. സാംപില്‍ സര്‍വേ റിപ്പോര്‍ട്ടിന് പുറമെ ലേബര്‍ ബ്യൂറോയുടെ ആറാമത് വാര്‍ഷിക തൊഴില്‍ സര്‍വേ റിപ്പോര്‍ട്ടും സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല. നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്തെ തൊഴില്‍ നഷ്ടങ്ങളെ കുറിച്ച് ഈ രണ്ടു റിപ്പോര്‍ട്ടുകളിലും പ്രതിപാദിക്കുന്നുണ്ട്. 2016- 17 വര്‍ഷം തൊഴിലില്ലായ്മ നിരക്ക് നാലുവര്‍ഷത്തെ ഏറ്റവും കൂടിയ (3.9 ശതമാനം) നിലയിലെത്തിയെന്നാണ് തൊഴില്‍മന്ത്രാലയത്തിനു കീഴിലുള്ള ലേബര്‍ ബ്യൂറോയുടെ കണ്ടെത്തല്‍. 2017- 18 വര്‍ഷം 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ (6.1 ശതമാനം) ഇന്ത്യയിലെ തൊഴിലില്ലായ്മ എത്തിയെന്നാണ് കേന്ദ്ര സ്ഥിതിവിവരകണക്ക് മന്ത്രാലയത്തിനു കീഴിലുള്ള സാംപിള്‍ സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
മുദ്ര പദ്ധതി പ്രകാരം നേരിട്ട് തൊഴില്‍ ലഭിച്ചവരുടെ കണക്കുകളും അനുബന്ധ ജോലികള്‍ സംബന്ധിച്ച കണക്കുകളും നിതി ആയോഗ് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം പൊതുതെരഞ്ഞെടുപ്പിന് മുമ്പായി കണക്കുകള്‍ പുറത്തുവിടാനായിരുന്നു സര്‍ക്കാരിന്റെ ആലോചന. 2015 ഏപ്രില്‍ എട്ടിനും 2019 ജനുവരി 31നുമിടയില്‍ മുദ്ര ലോണ്‍ നേടിയ ഒരുലക്ഷത്തോളം ഗുണഭോക്താക്കളെ ഉള്‍ക്കൊള്ളിച്ചാണ് ലേബര്‍ ബ്യൂറോ സര്‍വേ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."