എം.പി ഫണ്ട് വിനിയോഗം: ഇടുക്കിക്ക് രണ്ടാം സ്ഥാനം
തൊടുപുഴ: എം.പിമാരുടെ പ്രാദേശിക വികസന നിധി പദ്ധതി നിര്‍വ്വഹണത്തില്‍ ഇടുക്കി പാര്‍ലമെന്റ് നിയോജകമണ്ഡലത്തിന് രണ്ടാം സ്ഥാനം.
എം.പി ലാഡ് പദ്ധതിയില്‍ അഞ്ച് വര്‍ഷത്തേക്ക് ആകെ ലഭ്യമാകുന്ന 25 കോടി രൂപയില്‍ 20.83 കോടി രൂപക്കുള്ള വിവിധ പദ്ധതികള്‍ക്കുള്ള ഭരണാനുമതി 2014-15 മുതല്‍ 2017-18 വരെയുള്ള കാലയളവില്‍ അനുവദിച്ചു. ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്കായി 15.87 കോടി രൂപ ചെലവഴിച്ച് ജോയ്‌സ് ജോര്‍ജ്ജ് എം.പി സംസ്ഥാനത്തെ എം.പിമാരില്‍ ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ചതില്‍ രണ്ടാം സ്ഥാനത്താണ്. ജില്ലാ കലക്ടര്‍ ജി.ആര്‍. ഗോകുലിന്റെ അധ്യക്ഷതയില്‍ ഡി.എം.ഒ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചതാണിത്.
പൂര്‍ത്തീകരിച്ച പദ്ധതികളുടെ ബില്ലുകള്‍ എത്രയും വേഗം സമര്‍പ്പിക്കുന്നതിനും നിര്‍വ്വഹണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള പദ്ധതികള്‍ ത്വരിതപ്പെടുത്തുന്നതിനും പദ്ധതി നിര്‍വ്വഹണ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിര്‍വ്വഹണദ്യോഗസ്ഥര്‍ കാര്യക്ഷമമായി ഇടപെടണമെന്നും ജോയ്‌സ് ജോര്‍ജ്ജ് എം.പി നിര്‍ദ്ദേശിച്ചു.
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന് നിയമാനുസൃതമായി നീക്കിവച്ചിട്ടുള്ള തുകയ്ക്കനുസരിച്ച് ഇടുക്കി പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ പ്രവൃത്തികള്‍ക്ക് പൂര്‍ണ്ണമായും വിനിയോഗിക്കുന്നതിനും എം.പി നിര്‍ദ്ദേശം നല്‍കി. 2018-19 വര്‍ഷത്തില്‍ 3.4 കോടി രൂപയ്ക്കുള്ള പദ്ധതികളും പുതുതായി എം.പി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതില്‍ 13 പദ്ധതികള്‍ വിവിധ സ്‌കൂളുകള്‍ക്കായി സ്‌കൂള്‍ ബസ്, കിച്ചന്‍ കോംപ്ലക്‌സ്, ടോയ്‌ലറ്റ് കോംപ്ലക്‌സ് നിര്‍മ്മാണം എന്നിവയ്ക്കാണ്. വിവിധ സ്ഥലങ്ങളിലായി രണ്ട് ഹൈമാസ്റ്റ് ലൈറ്റുകളും 23 മിനി മാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കുന്നതിനുള്ള പദ്ധതികളും ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൂടാതെ വിവിധ റോഡുകള്‍ക്കും കുടിവെള്ള പദ്ധതികള്‍ക്കും സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ ലഭ്യമാക്കുന്നതിനും ലൈബ്രറി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനും നടപടിയെടുത്തു. ഭിന്നശേഷിക്കാരായവര്‍ക്ക് ജയ്പൂര്‍ ലെഗ്ഗ്, ട്രൈസൈക്കിള്‍ ഉള്‍പ്പെടെയുള്ളവ നല്‍കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."