ഉപ്പയെന്ന സ്വര്‍ഗവാതില്‍
നമ്മുടെ കടപ്പാടുകള്‍ പലതും കലണ്ടറിലെ ഒരു പ്രത്യേക ദിനത്തിലൊതുക്കുന്ന പുതിയ കാലത്തെ ശീലം ഒന്നാലോചിച്ചാല്‍ രസകരമാണ്. എല്ലാത്തിനുമുണ്ട് ഇന്ന് പ്രത്യേകം പ്രത്യേകം ദിനങ്ങള്‍. വായുവിന്, വെള്ളത്തിന്, കാടിന്, മൃഗങ്ങള്‍ക്ക്, പറവകള്‍ക്ക് അങ്ങനെയങ്ങനെ മനുഷ്യജീവിതവുമായി ബന്ധപ്പെടുന്നതിനൊക്കെ ദിനങ്ങള്‍. അടുത്തിടെ കടന്നുപോയി ഒരു ദിനം. ലോക മാതൃദിനം. ലോകത്തെ മാതാക്കള്‍ക്കായി സംവരണം ചെയ്യപ്പെട്ട ഒരു ദിനം. അന്ന് സമൂഹമാധ്യമങ്ങളില്‍ പലരും അമ്മിഞ്ഞപ്പാലില്‍ തുടങ്ങുന്ന മാതൃസ്മരണകളുടെ അത്രകാലം സൂക്ഷിച്ചു വച്ച വിഴുപ്പുഭാണ്ഡങ്ങളൊക്കെ അലക്കിയെടുത്തു. 'മാതൃദിനമായിട്ട് നിങ്ങള്‍ മാതാവിന് വേണ്ടി എന്തുചെയ്തു?' അന്ന് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുവന്നൊരു ചോദ്യമാണ്‍ അടിച്ചുവാരാന്‍ സഹായിച്ചും പാചകത്തില്‍ ഒരു കൈ നോക്കിയും പലരും ആത്മനിര്‍വൃതിയിലുന്മത്തരായുള്ള പ്രതികരണങ്ങള്‍ പങ്കുവച്ചു. മാതൃത്വത്തോട് മനുഷ്യനുള്ള കടപ്പാട് ഒറ്റ ദിനത്തിലൊതുക്കുന്നതിലെയും പ്രകടനപരതക്കുള്ള സ്റ്റേജ് ഐറ്റങ്ങളില്‍ ഒന്നാക്കി മാറ്റുന്നതിലെയും വൈചിത്ര്യമൊക്കെ അവിടെ നില്‍ക്കട്ടെ, അന്ന് കടന്നുപോയത് ലോക പിതൃദിനമായിരുന്നെങ്കിലോ? ഇത്ര ജോറായ പ്രതികരണങ്ങള്‍ കാണില്ല എന്നെനിക്കുറപ്പുണ്ട്.
കാരണവുമുണ്ട്, മാതാവിനോടുള്ള പോലൊരു ബന്ധമായിരിക്കില്ല മിക്കവര്‍ക്കും പിതാവിനോട് കാണുക. ഗര്‍ഭപാത്രത്തില്‍ ജീവന്‍ വച്ച് ചലിച്ചുതുടങ്ങുന്ന മൂന്നാം മാസം മുതല്‍ പുതിയ വിഹായസ്സുകള്‍ തേടി പറക്കാന്‍ ചിറകുറക്കുന്നതിനിടക്ക് നമ്മുടെ സഹവാസത്തില്‍ ഏറിയ പങ്കും മാതാവിനൊപ്പമായിരിക്കും. ആ മടിയില്‍ ഉറങ്ങിയും ആ കൈകൊണ്ട് ഭക്ഷിച്ചും മാതൃത്വത്തിന്റെ ലാളനകള്‍ നാം ആവോളം നുകര്‍ന്നുകാണും. നാഭീനാള ബന്ധമെന്നൊരു പ്രയോഗം മലയാളത്തിലുണ്ട്. വിച്ഛേദിക്കാന്‍ സാധിക്കാത്ത വിധം സുദൃഢമായ ബന്ധങ്ങള്‍ക്ക് ആലങ്കാരികമായി ഉപയോഗിക്കുന്നത്. എന്നാല്‍ അക്ഷരാര്‍ഥത്തില്‍ നമുക്ക് നാഭീനാളബന്ധം ഉണ്ടായിരുന്നത് മാതാവിനോടാണ്. അര്‍ധപ്രാണന്‍ നല്‍കി മാതാവ് ഒരു കുട്ടിയെ പ്രസവിച്ചുകഴിഞ്ഞാല്‍ ഭിഷഗ്വരന്‍ അവര്‍ക്കിടയിലെ നാഭീനാളക്കുഴല്‍ മുറിച്ചുമാറ്റുന്നു.
എന്നാല്‍ ആരാണ് പിതാവ്? പ്രസവവേദനയെടുത്ത് ലേബര്‍ റൂമിനുള്ളില്‍ ഉമ്മ എരിപിരികൊള്ളുമ്പോള്‍ പുറത്തൊരാള്‍ അക്ഷമനായി ഉലാത്തുന്നുണ്ട്. ഒരു ഹൃദയം പിടയുന്നുണ്ട്. ഒരു ചുണ്ടിലൂടെ പ്രാര്‍ഥനാവചനങ്ങള്‍ പ്രവഹിക്കുന്നുണ്ട്. ഇടയ്ക്കിടെ അടച്ചിട്ട വാതിലിലൂടെ നോക്കുന്ന ഒരു നോട്ടം. സമയം ഇഴഞ്ഞുനീങ്ങുന്നതിന്റെ ഭീകരത. ഇല്ല, ഒരു പിതാവിന്റെ പേറ്റുനോവുകളെ അടയാളപ്പെടുത്താന്‍ ഇനിയും ഭാഷകള്‍ക്ക് സാധിച്ചിട്ടില്ല.
സഹനമാണ് പിതാവ്, മാതാവ് സ്‌നേഹവും. മാതാവിന്റെ മാറിടത്തിന്റെ ഊഷ്മളതയോടാണ് ഒരു കുഞ്ഞ് ആദ്യമായി ഇണങ്ങിച്ചേരുന്നത്. പിതാവിന്റെ കരങ്ങളുടെ സുരക്ഷിതത്വം മനസ്സിലാക്കാന്‍ സമയമെടുക്കും. കാരണം ഉമ്മ എന്നത് കുരുന്നുമനസ്സിന്റെ അനുഭവമാണ്. ഒന്‍പത് മാസത്തെ ഗര്‍ഭകാലത്ത് മാതാവിന്റെ നിശ്വാസങ്ങള്‍ സ്വീകരിച്ചാണ് അവന്‍അവള്‍ ഉണര്‍ന്നതും ഉറങ്ങിയതും. എന്നാല്‍, അന്നും അതില്‍ പിന്നെയും പിതാവ് ഒരു അദൃശ്യമായ സാന്നിധ്യമാണ്. കരുതലിന്റെ ഒരു പുറം ആവരണമാണ്. ഒരു അറബി സാഹിത്യകാരന്‍ എഴുതി: 'നീ കണ്‍തുറന്ന നിമിഷം മുതല്‍ നിന്നെ മാതാവ് സ്‌നേഹിച്ചുതുടങ്ങി. എന്നാല്‍ നീ കണ്‍വെട്ടത്തില്ലാത്തപ്പോഴും പിതാവിന്റെ സ്‌നേഹം നിന്നോടൊപ്പമുണ്ടായിരുന്നു. ഉമ്മ നിന്നെ ലോകത്തേക്ക് കൊണ്ടുവന്നു, ഉപ്പയാവട്ടെ ലോകം തന്നെ നിന്നിലേക്കും. ഉമ്മ നിനക്ക് ജീവന്‍ പകര്‍ന്നുവെന്നത് ശരി, പക്ഷെ, ആ ജീവിതം എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിച്ചത് ഉപ്പയാണ്. മാതാവ് നിന്നെ ഒന്‍പത് മാസം വയറ്റില്‍ ചുമന്നു, പിതാവാവട്ടെ തന്റെ ജീവിതം മുഴുക്കെയും. ഉമ്മ നിന്നെ നെഞ്ചില്‍ ചുമക്കുന്നത് നീ കാണുന്നുണ്ട്, ഉപ്പ നിന്നെ മുതുകില്‍ ചുമക്കുന്നത് കാണുന്നില്ല. ഉമ്മ ഭംഗിയും സ്‌നേഹവുമാണ്, ഉപ്പയാവട്ടെ യാഥാര്‍ഥ്യവും കരുതലും.'
മാതാവിന്റെയും പിതാവിന്റെയും സ്‌നേഹത്തെ അളന്നുതിട്ടപ്പെടുത്താനുള്ള ശ്രമമല്ല ഇത്. അളവുപാത്രങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധ്യമല്ലാത്ത വിധം അനന്തവിസ്തൃതമാണവ രണ്ടും. മാതാവിന്റെ കാല്‍ചുവട്ടിലാണ് സ്വര്‍ഗമെന്നാണ് പ്രവാചകര്‍(സ) പഠിപ്പിച്ചത്. ആ സ്വര്‍ഗത്തിലേക്ക് കടക്കാനുള്ള വാതിലാണ് പിതാവ്. 'വാലിദൈനി', മാതാപിതാവെന്ന പദവ്യത്യാസമില്ലാതെ, മുന്‍പിന്‍ഗണനകളില്ലാതെ, ഇരുവരെയും ഒരുമിച്ചുകൂട്ടുന്നൊരു അറബിപദമാണ്. പിറവി എന്ന മഹാപ്രതിഭാസത്തിലെ തുല്യ പങ്കാളികള്‍. 'തനിക്കല്ലാതെ നിങ്ങള്‍ ആരാധനകള്‍ അര്‍പ്പിക്കരുതെന്നും മാതാപിതാക്കളോട് (വാലിദൈനി) ഉദാത്ത സമീപനം പുലര്‍ത്തണമെന്നും താങ്കളുടെ നാഥന്‍ വിധിച്ചിരിക്കുന്നു. അവരിലൊരാളോ ഇരുവരും തന്നെയോ വാര്‍ധക്യപ്രാപ്തരായി നിന്റെ സമീപത്തുണ്ടാകുന്നുവെങ്കില്‍ അവരോട് ഛേ... എന്നുപോലും പറയുകയോ കയര്‍ത്തുസംസാരിക്കുകയോ അരുത്. ആദരപൂര്‍ണമായ വാക്കുകള്‍ പറയുകയും കാരുണ്യപൂര്‍വം വിനയത്തിന്റെ ചിറകുകള്‍ അവരിരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ഇങ്ങനെ പ്രാര്‍ഥിക്കുകയും വേണം: രക്ഷിതാവേ... ഇവരിരുവരും എന്നെ ചെറുപ്പത്തില്‍ പോറ്റിവളര്‍ത്തിയ പോലെ ഇവര്‍ക്ക് നീ കാരുണ്യം ചൊരിയണമേ...' (സുറ: ഇസ്‌റാഅ് 23,24).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."