ആസാം സ്വദേശിയെ കുത്തിയശേഷം ഒളിവില്‍ക്കഴിഞ്ഞുവന്ന പ്രതികള്‍ പിടിയില്‍
പേരൂര്‍ക്കട: ആസാം സ്വദേശിയായ യുവാവിനെ കുത്തിയശേഷം ഒളിവില്‍ക്കഴിഞ്ഞുവന്ന പ്രതിയെ മണ്ണന്തല പോലീസ് പിടികൂടി. കുടപ്പനക്കുന്ന് ഇരപ്പുകുഴി ശ്രീകാന്ത് നഗര്‍ സ്വദേശി അരുണ്‍ (36), വേറ്റിനാട് ചിറ്റാഴ സൈലക്കുഴി സ്വദേശി പ്രവീണ്‍ (32) എന്നിവരാണ് പിടിയിലായത്.
ആസാമിലെ നൗഹ ജില്ലയില്‍ കമര്‍ ബസ്തി സ്വദേശി മിഥുന്‍ദാസി (27) നാണ് കുത്തേറ്റത്. ഇയാള്‍ മണ്ണന്തലയില്‍ താമസിച്ചുവരികയാണ്. കഴിഞ്ഞ ഒന്‍പതാം തീയതിയായിരുന്നു കേസിന്നാസ്പദമായ സംഭവം. മണ്ണന്തലയിലെ ഒരു ബാറില്‍ രാത്രി 9.30ന് എത്തിയ പ്രതികളും മിഥുന്‍ദാസുമായി അവിടെവച്ച് വാക്കേറ്റമുണ്ടായി. ബാര്‍ ജീവനക്കാര്‍ ഇടപെട്ട് ഇവരുടെ വഴക്കവസാനിപ്പിച്ചു വിട്ടുവെങ്കിലും മണ്ണന്തല ജങ്ഷനിലെത്തിയ പ്രതികള്‍ വീണ്ടും മിഥുന്‍ദാസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അടിപിടി ഉണ്ടാകുകയുമായിരുന്നു.
പ്രതികളിലൊരാള്‍ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മിഥുന്‍ദാസിന്റെ വയറ്റില്‍ കുത്തുകയായിരുന്നു. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ പ്രതികളെ പോലിസ് തിരിച്ചറിഞ്ഞത് ഹോട്ടലില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ്. അരുണിനെ എറണാകുളത്തുനിന്നും പ്രവീണിനെ വേറ്റിനാട്ടുനിന്നുമാണ് പിടികൂടിയത്.
കണ്‍ട്രോള്‍ റൂം എ.സി സുരേഷ്‌കുമാര്‍, കന്റോണ്‍മെന്റ് എ.സി വി.എസ് ദിനരാജ്, മണ്ണന്തല എസ്.ഐ ജെ. രാകേഷ് ഉള്‍പ്പെട്ട സംഘം പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."