അന്ന് പരനാറി വിളി, ഇന്ന് സംഘിയാരോപണം
കൊല്ലം: അന്ന് പരനാറിയെന്നു വിളിയായിരുന്നെങ്കില്‍ ഇന്ന് സംഘ്പരിവാര്‍ ബന്ധമുണ്ടെന്ന ആരോപണം. കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനെതിരേ ഇത്തവണ സി.പി.എം പ്രയോഗിക്കുന്നത് പൂഴിക്കടകന്‍. ഇതുസംബന്ധിച്ച വിവാദച്ചൂടില്‍ ചുട്ടുപൊള്ളുകയാണ് കൊല്ലം.
ബി.ജെ.പി അത്ര ശക്തമല്ലാത്ത മണ്ഡലത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം. എന്നുവച്ചാല്‍ ആര്‍.എസ്.പി നേതാവും സിറ്റിങ് എം.പിയുമായ പ്രേമചന്ദ്രനും സി.പി.എമ്മും തമ്മിലാണ് ഏറ്റുമുട്ടല്‍.
കഴിഞ്ഞ തവണ മുന്നണി മാറ്റത്തെ തുടര്‍ന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ 'പരനാറി'പ്രയോഗത്തിലൂടെ ശ്രദ്ധേയമായ കൊല്ലത്ത് ഇത്തവണ സി.പി.എം പ്രേമചന്ദ്രനെതിരേ ഉയര്‍ത്തുന്നത് സംഘ്പരിവാറുമായി ബന്ധമുണ്ടെന്ന ആരോപണമാണ്.
എന്നാല്‍, ഈ ആരോപണത്തെ അരയും തലയും മുറുക്കി നേരിടാനൊരുങ്ങിക്കഴിഞ്ഞു പ്രേമചന്ദ്രനും യു.ഡി.എഫും. തെരഞ്ഞെടുപ്പ് കമ്മിഷന് ഇതുസംബന്ധിച്ച് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് പരാതി നല്‍കുകയും ചെയ്തു. ബി.ജെ.പി ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇടതു സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാലും യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രേമചന്ദ്രനും ഒന്നാംഘട്ട പ്രചാരണ പ്രവര്‍ത്തനത്തിന്റെ തീച്ചൂളയിലാണ്.
ആരോപണത്തെ അതേ നാണയത്തിലാണ് യു.ഡി.എഫ് നേരിടുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ കൊല്ലത്തെ രണ്ടു സ്വീകരണയോഗങ്ങളില്‍ പിണറായി നടത്തിയ പരനാറി പ്രയോഗവും ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു. പിണറായിയുടെ പ്രയോഗം ചില കേന്ദ്രങ്ങളിലുണ്ടാക്കിയ അതൃപ്തി സി.പി.എം സ്ഥാനാര്‍ഥിയായിരുന്ന എം.എ ബേബിയുടെ പരാജയത്തിന് കാരണമായെന്ന വിമര്‍ശനവും പാര്‍ട്ടികേന്ദ്രങ്ങളില്‍ നിന്നുയര്‍ന്നിരുന്നു.
ഈ തെരഞ്ഞെടുപ്പില്‍ പ്രേമചന്ദ്രന്‍ ബി.ജെ.പി അനുകൂലിയാണെന്ന ധ്വനിയോടെയുള്ള ഇടതു നേതാക്കളുടെ പരാമര്‍ശങ്ങളാണ് ചര്‍ച്ചയാകുന്നത്.
കൊല്ലത്തെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണനും പ്രേമചന്ദ്രനെതിരേ ഈ ആരോപണം ഉന്നയിച്ചിരുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താനും വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കാനുമാണ് സി.പി.എമ്മിന്റ ആരോപണമെന്നാണ് പ്രമചന്ദ്രന്റെ മറുപടി.
2014ലെ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനേറ്റ ആഘാതമായിരുന്നു പ്രേമചന്ദ്രന്റെ മുന്നണി മാറ്റവും തെരഞ്ഞെടുപ്പ് വിജയവും. പ്രേമചന്ദ്രന്റെ മുന്നില്‍ മുട്ടുകുത്തിയതാകട്ടെ സി.പി.എമ്മിലെ അതികായരില്‍ ഒരാളായ എം.എ ബേബിയും. ഇത്തവണ വിയജത്തില്‍ കുറഞ്ഞ ഒന്നും സി.പി.എം പ്രതീക്ഷിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."