നീലമലകള്‍ക്കു മുകളില്‍ ആരു വെന്നിക്കൊടി പാറിക്കും?
ഗൂഡല്ലൂര്‍: കേരളത്തിനു മുന്‍പ് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. അതില്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തെക്കിന്റെ കശ്മിര്‍ എന്നറിയപ്പെടുന്ന നീലഗിരിക്കുന്നുകള്‍ക്കു മീതെ ഇത്തവണ ആരു വാഴും ആരു വീഴുമെന്നു പ്രവചിക്കാനാവാത്ത അവസ്ഥയാണ്.
ഇവിടത്തെ മണ്ണ് എല്ലാവര്‍ക്കും ഒരുപോലെ വളക്കൂറുള്ളതാണ്. ആറു നിയമസഭാ മണ്ഡലങ്ങളാണ് നീലഗിരി ലോക്‌സഭാ മണ്ഡലത്തിലുള്ളത്. നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍, ഊട്ടി, കുന്നൂര്‍, മേട്ടുപ്പാളയം ജില്ലയിലെ മേട്ടുപ്പാളയം, അതിര്‍ത്തി ജില്ലകളായ കോയമ്പത്തൂരിലെ അവിനാശി, ഈറോഡിലെ ഭവാനിസാഗര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളാണ് നീലഗിരി മണ്ഡലത്തിലുള്ളത്. ഇതില്‍ ഊട്ടിയില്‍ വേരോട്ടം കൂടുതലുള്ളതു കോണ്‍ഗ്രസിനാണ്. ഗൂഡല്ലൂര്‍ വര്‍ഷങ്ങളായി ഡി.എം.കെയ്‌ക്കൊപ്പമാണ്. കുന്നൂര്‍, അവനാശി, മേട്ടുപ്പാളയം, ഭവാനിസാഗര്‍ മണ്ഡലങ്ങള്‍ നിലവില്‍ അണ്ണാ ഡി.എം.കെയ്‌ക്കൊപ്പമാണ്.
നീലഗിരിയിലെ വിജയത്തിനു ജാതീയത കൂടി പ്രധാന ഘടകമാണ്. ഊട്ടി, കുന്നൂര്‍ മേഖലകളില്‍ ബഗുഡ സമുദായക്കാര്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നതും മേട്ടുപ്പാളയം, ഭവാനിസാഗര്‍, അവനാശി മണ്ഡലങ്ങളിലെ ഗൗണ്ടര്‍ സമുദായക്കാര്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നതും വിജയത്തില്‍ നിര്‍ണായക ഘടകങ്ങളാണ്. നീലഗിരി ജില്ലയിലെ തോട്ടം മേഖലയിലും ഇവര്‍ തന്നെയാണ് ഇവിടത്തെ പ്രധാന സമ്മര്‍ദ ഗ്രൂപ്പുകള്‍.
തമിഴ്‌നാട് നിയസഭാ സ്പീക്കര്‍ പി. ധനപാല്‍ പ്രതിനിധാനം ചെയ്യുന്ന അവനാശി 1984ന് ശേഷം ഒരുതവണ മാത്രമാണ് എ.ഐ.എ.ഡി.എം.കെയെ കൈവിട്ടത്. 1996-2001 കാലത്ത് ഡി.എം.കെയിലെ ജി. ഇളങ്കോ ഇവിടെനിന്ന് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും പിന്നീട് ഇതുവരെ എ.ഐ.എ.ഡി.എം.കെയെ ഇവിടെ പരാജയപ്പെടുത്താന്‍ ഡി.എം.കെ സഖ്യത്തിനു സാധിച്ചിട്ടില്ല.
മേട്ടുപ്പാളയത്തിന്റെയും സ്ഥിതി മറിച്ചല്ല. ഇവിടെയും കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളിലും വിജയിക്കാനായത് എ.ഐ.എ.ഡി.എം.കെയ്ക്കാണ്. ഇതില്‍ മൂന്നു തവണയും വിജയിച്ചുകയറിയത് ഒ.കെ ചിന്നദുരൈയാണ്. ഭവാനിസാഗര്‍ മുന്നണികളെ മാറിമാറിയാണ് പരീക്ഷിക്കുന്നത്. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളില്‍ 2006ല്‍ ഡി.എം.കെയെ പിന്തുണച്ച മണ്ഡലത്തില്‍ 2011ല്‍ സി.പി.ഐയാണ് വിജയിച്ചത്. 2016ല്‍ ഇവിടെ എ.ഐ.എ.ഡി.എം.കെ വെന്നിക്കൊടി പാറിച്ചു.
കുന്നൂരില്‍ 1971 മുതല്‍ 2016 വരെയുള്ള 12 തെരഞ്ഞെടുപ്പുകളില്‍ മൂന്നു തവണ മാത്രമാണ് എ.ഐ.എ.ഡി.എം.കെ വിജയിച്ചത്. ബാക്കി ഒന്‍പത് തവണയും ഡി.എം.കെ സഖ്യം ഇവിടെ ജയിച്ചുകയറി. 2016ല്‍ മണ്ഡലം ഡി.എം.കെയെ കൈവിട്ടു. ഊട്ടി എന്നും കോണ്‍ഗ്രസിനു വളക്കൂറുള്ള മണ്ണാണ്. കഴിഞ്ഞ 12 തെരഞ്ഞെടുപ്പുകളില്‍ എട്ടുതവണയും ഇവിടെ വിജയം കോണ്‍ഗ്രസിനൊപ്പമായിരുന്നു. രണ്ടുതവണ കോണ്‍ഗ്രസിന്റെ സഖ്യമായ ഡി.എം.കെയും ഇവിടെ വിജയിച്ചു.
ഗൂഡല്ലൂരില്‍ കഴിഞ്ഞ ഒന്‍പത് തവണയും വിജയം ഡി.എം.കെയ്ക്കായിരുന്നു. 2001നു ശേഷം ഡി.എം.കെയ്ക്ക് ചെറിയ വെല്ലുവിളി ഉയര്‍ത്താന്‍ പോലും മറ്റു മുന്നണികള്‍ക്കു സാധിച്ചിട്ടില്ല. തുടര്‍ച്ചയായി രണ്ടാംതവണയും മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ഡി.എം.കെയിലെ അഡ്വ. എം. ദ്രാവിഡമണിയാണ്.
കണക്കുകള്‍ ഇങ്ങനെ കൂട്ടിക്കിഴിക്കുമ്പോഴും സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും കൂടുതല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തിയത് കോണ്‍ഗ്രസാണ്. അതില്‍ അഞ്ചു തവണയും ആര്‍. പ്രഭുവായിരുന്നു നീലഗിരിക്കാരുടെ എം.പി. പിന്നീട് 2009ല്‍ മണ്ഡലം എസ്.സി സംവരണമായി. അന്ന് ഡി.എം.കെയിലെ എ. രാജ വെന്നിക്കൊടി പാറിച്ചു. കേന്ദ്രമന്ത്രിയായിരുന്ന രാജ ടു.ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ കുരുങ്ങി നില്‍ക്കെയാണ് 2014ലെ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അന്ന് എ.ഐ.ഡി.എം.കെയിലെ സി. ഗോപാലകൃഷ്ണനോട് അടിയറവ് പറയേണ്ടി വന്നു രാജയ്ക്ക്.
എന്നാല്‍ 2009 മുതല്‍ 2014വരെയുള്ള കാലഘട്ടത്തില്‍ രാജ കൊണ്ടുവന്ന വികസനപ്രവര്‍ത്തനങ്ങളുടെ അടുത്തെത്താന്‍ നിലവിലെ എം.പിക്ക് സാധിച്ചില്ലെന്നത് നീലഗിരിക്കാരില്‍ ഭഹുഭൂരിപക്ഷവും സമ്മതിക്കുന്ന കാര്യമാണ്. ഇപ്പോഴും തങ്ങളുടെ നിലവിലെ എം.പി ആരാണെന്നു പോലും പലര്‍ക്കുമറിയില്ലെന്നാണ് ഇവിടെ അടക്കിപ്പിടിച്ചുള്ള സംസാരം.
രാജയുണ്ടായിരുന്ന കാലത്ത് മണ്ഡലത്തിന്റെ മുക്കിലും മൂലയിലും എത്തിപ്പെടാറുണ്ടായിരുന്നെന്ന് പറയുന്ന മണ്ഡലത്തിലെ വോട്ടര്‍മാര്‍, തങ്ങളെ കുടിയിറക്കാന്‍ അണിയറയില്‍ ഒരുങ്ങുന്ന സെക്ഷന്‍ 17 ബില്ലിലെ ഭേദഗതിക്കെതിരേ മറുത്തൊരക്ഷരം ഉരിയാടാന്‍ പോലും നിലവിലെ എം.പി ശ്രമിച്ചില്ലെന്ന സങ്കടവും പങ്കുവയ്ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."